| Monday, 22nd June 2020, 1:44 pm

10 വര്‍ഷത്തിനിടെ 39 പേര്‍ തീഹാര്‍ ജയിലില്‍ പ്രസവിച്ചിട്ടുണ്ട്; ഗര്‍ഭിണിയായതുകൊണ്ട് മാത്രം സഫൂറ ജാമ്യത്തിന് അര്‍ഹയല്ല; ദല്‍ഹി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജാമിഅ മില്ലിയ വിദ്യാര്‍ത്ഥിയും കോഡിനേഷന്‍ കമ്മിറ്റി അംഗമായ സഫൂറ സര്‍ഗാറിന് ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ദല്‍ഹി പൊലീസ് ഹൈക്കോടതിയില്‍

ദല്‍ഹി തീഹാര്‍ ജയിലില്‍ തടവില്‍ കഴിയവേ 39 സ്ത്രീകള്‍ പത്ത് വര്‍ഷത്തിനിടെ പ്രസവിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഗര്‍ഭിണിയാണെന്ന കാരണം പറഞ്ഞ് സഫൂറ സര്‍ഗാറിനെ ജാമ്യത്തില്‍ വിടരുതെന്നുമാണ് പൊലീസിന്റെ വാദം.

ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. ഗര്‍ഭിണിയാണെന്ന കാരണം അവര്‍ ചെയ്ത തെറ്റിന്റെ ശിക്ഷ കുറയ്ക്കുന്നതല്ലെന്നും ഇത്തരം ഗുരുതരമായ കുറ്റകൃത്യം ചെയ്തവരെ അക്കാരണത്തില്‍ വിട്ടയക്കാനാവില്ലെന്നും അവര്‍ക്ക് ഈ സമയത്ത് ആവശ്യമായ എല്ലാ ചികിത്സയും ജയില്‍ നല്‍കുന്നുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഗര്‍ഭിണികളെ അറസ്റ്റുചെയ്ത് തടങ്കലില്‍ വയ്ക്കുക മാത്രമല്ല, ജയിലുകളില്‍ പ്രസവിക്കുന്നതിനും മതിയായ സൗകര്യങ്ങള്‍ ഉണ്ടെന്നും സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം നിയമത്തില്‍ ഇത്തരം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് പൊലീസിന്റെ വിശദീകരണം.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 39 പ്രസവങ്ങള്‍ ദല്‍ഹിയിലെ ജയിലില്‍ നടന്നിട്ടുണ്ട്. ഒരാള്‍ക്ക് മാത്രമായി അത്തരത്തില്‍ പ്രത്യേക അര്‍ഹത നല്‍കാനാവില്ലെന്നും കുറ്റവാളികള്‍ എല്ലാവര്‍ക്കും നിയമം ഒരുപോലെയാണെന്നുമാണ് സ്പെഷ്യല്‍ സെല്‍ ഡി.സി.പി പി.എസ് കുശ്‌വഹ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

സഫൂറ സര്‍ഗാര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ ആഴം പരിശോധിക്കേണ്ടതെന്നും ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തിയ നടപടികളാണ് അവരില്‍ നിന്നും ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

സാര്‍ഗറിനെ ഒരു പ്രത്യേക സെല്ലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും നല്ല ഭക്ഷണവും ആവശ്യമായ മരുന്നുകളും ഇവര്‍ക്ക് നല്‍കുന്നതിന് പുറമെ ഡോക്ടര്‍മാര്‍ സ്ഥിരമായി ഇവരെ പരിശോധിക്കുന്നുണ്ടെന്നുമാണ് ജാമ്യം എതിര്‍ത്തുകൊണ്ട് പൊലീസ് പറഞ്ഞത്.

സര്‍ഗാറിന്റെ പങ്ക് വ്യക്തമാക്കുന്നതിന് മതിയായ തെളിവുകളുണ്ടെന്നും സര്‍ഗാറിന് നീതി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സാമുദായിക പിരിമുറുക്കം സൃഷ്ടിച്ച് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിഴുതെറിയാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും അത് വഴി വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്തുകയും ആളുകളെ അക്രമത്തിന് പ്രോത്സാഹിപ്പിക്കുയും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നുവെന്നുമാണ് പൊലീസ് വാദം. അക്രമസംഭവവുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടത്തിയെന്ന കുറ്റത്തിനാണ് സഫൂറ സര്‍ഗാറിനെ അറസ്റ്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more