| Thursday, 16th May 2024, 9:05 pm

ആറാം ഘട്ടത്തില്‍ മത്സരിക്കുന്ന 39 ശതമാനം സ്ഥാനാര്‍ത്ഥികളും കോടീശ്വരന്‍മാര്‍, കൂടുതലും ബി.ജെ.പിയില്‍; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ മത്സരിക്കുന്ന 39 ശതമാനം സ്ഥാനാര്‍ത്ഥികളും കോടീശ്വരന്മാരാണെന്ന് തെരഞ്ഞെടുപ്പ് അവകാശ സംഘടനയായ എ.ഡി.ആര്‍. 39 ശതമാനം സ്ഥാനാര്‍ത്ഥികളും ശരാശരി 6.21 കോടി രൂപ ആസ്തിയുള്ളവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മെയ് 25ന് ആരംഭിക്കുന്ന ആറാംഘട്ട തെരഞ്ഞെടുപ്പില്‍ സമ്പന്നരില്‍ കൂടുതലും ബി.ജെ.പി സ്ഥാനാര്‍ത്ഥികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥികളായ നവീന്‍ ജിന്‍ഡാല്‍ 1,241 കോടി രൂപയും, സന്ത്രുപ്ത് മിശ്ര 482 കോടി രൂപയും, സുശീല്‍ ഗുപ്തയ്ക്ക് 169 കോടി രൂപയുടെയും ആസ്തിയുള്ളവരാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 866 സ്ഥാനാര്‍ത്ഥികളില്‍ 338 പേരാണ് കോടീശ്വരന്‍മാരായി റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബിജെപിയുടെ 51 സ്ഥാനാര്‍ത്ഥികളില്‍ 48 പേരും ഒരു കോടിക്ക് മുകളില്‍ ആസ്തി ഉള്ളവരാണ്. സമാജ്‌വാദി പാര്‍ട്ടിയുടെ 12 സ്ഥാനാര്‍ത്ഥികളില്‍ 11ഉം, കോണ്‍ഗ്രസില്‍ നിന്നുള്ള 25 സ്ഥാനാര്‍ത്ഥികളില്‍ 20ഉം, എ.എ.പിയിലെ അഞ്ച് സ്ഥാനാര്‍ത്ഥികളില്‍ നാലും ഒരു കോടിക്ക് മുകളില്‍ ആസ്തി ഉള്ളവരാണ്.

866 സ്ഥാനാര്‍ത്ഥികളില്‍ 180 പേര്‍ക്കതിരെയാണ് ക്രിമിനല്‍ കേസ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ കേസുകളില്‍ ശിക്ഷ അനുഭവിക്കപ്പെട്ട 12 സ്ഥാനാര്‍ത്ഥികളും കൊലപാതക കേസുകളില്‍ പ്രതികളായ ആറ് സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നുണ്ട്.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട 24 സ്ഥാനാര്‍ത്ഥികളും ഇതില്‍ ഉള്‍പ്പെടും. വിദ്വേഷ പ്രസംഗങ്ങളില്‍ പ്രതികളായ 16 സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: 39% candidates in 6th phase of LS polls are crorepatis: ADR

We use cookies to give you the best possible experience. Learn more