യു.പിയില്‍ 72 മുസ്‌ലീങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ 39 പ്രതികളെ വിട്ടയച്ചു
national news
യു.പിയില്‍ 72 മുസ്‌ലീങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ 39 പ്രതികളെ വിട്ടയച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th April 2023, 9:10 am

മീററ്റ്: ഉത്തര്‍പ്രദേശിലെ മല്യാനയില്‍ 72 മുസ്‌ലീങ്ങളെ കൊല ചെയ്ത കേസില്‍ പ്രതികളായ 39 പേരെ വിചാരണക്കോടതി വെറുതെ വിട്ടു. സംഭവത്തില്‍ പ്രതികള്‍ക്ക് പങ്കുണ്ട് എന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരെ വെറുതെ വിട്ടത്.

36 വര്‍ഷത്തെ വിചാരണക്കൊടുവിലാണ് കോടതിയുടെ വിധി. അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി ലക്ഷ്‌വീന്ദര്‍ സിങ്ങാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

93 പേരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നത്. ഇതില്‍ 23 പേര്‍ വിചാരണക്കിടെ മരണപ്പെട്ടിരുന്നു. 31 പ്രതികളെ ഇതുവരെയും കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പോലീസിന് കഴിഞ്ഞിട്ടില്ല.

1987 മെയ് 23നാണ് മല്യാനയില്‍ കൂട്ടക്കൊല നടന്നത്. പ്രൊവിന്‍ഷ്യല്‍ ആര്‍മ്ഡ് കോണ്‍സ്റ്റാബുലറി സേനയും ഹിന്ദുക്കളടങ്ങുന്ന ഒരു വലിയ വിഭാഗം നാട്ടുകാരും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. വാളുകളും തോക്കുകളുമായി മല്യാനയിലെത്തി ഇവര്‍ ആളുകളെ കൂട്ടക്കൊല ചെയ്യുകയായിരുന്നു. പുറത്തേക്ക് പോകാനുള്ള അഞ്ച് വഴികളും തടഞ്ഞ ശേഷമാണ് ആക്രമണങ്ങള്‍ നടന്നത്.

മുസ്‌ലിം സമുദായത്തില്‍ പെട്ട സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 72 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം, രണ്ട് കുട്ടികളെ ചേര്‍ത്തു പിടിച്ച രീതിയില്‍ ഒരു യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടിരുന്നുവെന്നും ഒരു കുടുംബത്തിലെ 11 പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ തള്ളിയതായും കൂട്ടക്കൊലക്ക് സാക്ഷിയായ പ്രദേശവാസി പറയുന്നു.

കോടതിയുടെ തീരുമാനം ധൃതി പിടിച്ചുള്ളതാണെന്നും ഈ ഉത്തരവ് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിനെതിരെ അപ്പീല്‍ പോകുമെന്നും വാദികള്‍ക്കായി ഹാജരായ അഭിഭാഷകന്‍ അലാവുദ്ദീന്‍ സിദ്ദീഖി പറഞ്ഞു.

എന്നാല്‍ അഡീഷണല്‍ ഡിസ്ട്രിക്ട് കൗണ്‍സല്‍ സച്ചിന്‍ മോഹന്‍ ഈ ആരോപണങ്ങളെ നിഷേധിച്ചു. പെട്ടെന്നുള്ള ഒരു തീരുമാനമല്ല കോടതി സ്വീകരിച്ചതെന്നും പ്രതികളെ വെറുതെ വിട്ടതിന് നിരവധി കാരണങ്ങള്‍ കോടതി ചൂണ്ടിക്കാട്ടിയതായും സച്ചിന്‍ പറഞ്ഞു. ഇരകള്‍ക്ക് മുന്നില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തിയിരുന്നില്ലെന്നും വോട്ടര്‍ ലിസ്റ്റില്‍ നിന്ന് തോന്നിയതു പോലെ ആളുകളെ തെരഞ്ഞെടുത്ത് പ്രതികളാക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചതായാണ് സച്ചിന്‍ മോഹന്‍ പറയുന്നത്.

Content Highlights: 39 accused in the case of massacre of 72 Muslims in UP released