വാരിയം കുന്നത്തിന്റേതുള്‍പ്പെടെ 387 'മാപ്പിള രക്തസാക്ഷിക'ളുടെ പേര് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യും
national news
വാരിയം കുന്നത്തിന്റേതുള്‍പ്പെടെ 387 'മാപ്പിള രക്തസാക്ഷിക'ളുടെ പേര് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd August 2021, 12:24 pm

ന്യൂദല്‍ഹി : മലബാര്‍ സമരത്തിന്റെ നേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അലി മുസ്‌ലിയാര്‍ എന്നിവരുള്‍പ്പെടെയുള്ള 387 ‘മാപ്പിള രക്തസാക്ഷിക’ ളുടെ പേര് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യപ്പെടുമെന്ന് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് പുറത്തുവിട്ട നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എന്‍ട്രികള്‍ അവലോകനം ചെയ്ത മൂന്നംഗ സമിതിയുടേതാണ് തീരുമാനം.

1921 ലെ സമരം ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്ന് തോന്നിയതിനാല്‍ നീക്കം ചെയ്യാന്‍ സമിതി ശുപാര്‍ശ ചെയ്തതായാണ് വിവരം.

മതപരിവര്‍ത്തനത്തെ ലക്ഷ്യം വെച്ചുള്ള മതമൗലികവാദ പ്രസ്ഥാനമായിരുവെന്നാണ് മലബാര്‍ സമരത്തെക്കുറിച്ച് സമിതി പറയുന്നത്. സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ദേശീയതയ്ക്ക് അനുകൂലമല്ലെന്നും ബ്രിട്ടീഷ് വിരുദ്ധവുമല്ലെന്നും സമിതി പറയുന്നു.

കലാപം ഒരു ഖിലാഫത്ത് സ്ഥാപിക്കാനുള്ള ശ്രമമായിരുന്നെന്നും ഇത് വിജയിച്ചിരുന്നെങ്കില്‍, ഈ പ്രദേശത്തും ഒരു ഖിലാഫത്ത് സ്ഥാപിക്കപ്പെടുമായിരുന്നെന്നും ഇന്ത്യക്ക് ആ ഭാഗം നഷ്ടപ്പെടുമായിരുന്നെന്നും സമിതി വിലയിരുത്തിയതായാണ് റിപ്പോര്‍ട്ട്.

സമിതിയുടെ ശുപാര്‍ശ പ്രകാരം സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക പരിഷ്‌കരിക്കുമെന്നും ഒക്ടോബര്‍ അവസാനത്തോടെ നിഘണ്ടു പുറത്തിറക്കുമെന്നും ഐ.സി.എച്ച്.ആര്‍ ഡയറക്ടര്‍ ഓം ജീ ഉപാധ്യായ് പറഞ്ഞു.

അതേസമയം, 2020 ല്‍ പ്രധാനമന്ത്രി പുറത്തിറക്കിയ രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരും ഉള്‍പ്പെട്ടിരുന്നു.

ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന് പേരിട്ട പ്രസിദ്ധീകരണത്തിലാണ് വാരിയംകുന്നത് കുഞ്ഞ്ഹമ്മദ് ഹാജിയുടെയും ആലി മുസ്ലിയാരുടെയും പേര് ഉള്‍പ്പെട്ടിരുന്നത്.

2018ലാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്ന് പങ്കാളികളായവരുടെ പേരാണ് പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയത്.

ആദ്യം സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് ആലി മുസ്‌ലിയാരുടേയും വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടേയും പേരുകള്‍ ഒഴിവാക്കിയിരുന്നു. ആന്ധ്ര പ്രദേശ്, തെലങ്കാന, കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളെയാണ് ഈ വാല്യത്തില്‍ പരാമര്‍ശിച്ചിരുന്നത്. ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തിറക്കിയത്.

പിന്നീട് ഇത് എഡിറ്റ് ചെയ്ത് ഇരുവരുടേയും പേരുകള്‍ ചേര്‍ത്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടു എഡിറ്റ് ചെയ്തത് ഭാരതീയ വിചാരകേന്ദ്രം ഉപഡയറക്ടര്‍ ഡോ. സി.ഐ ഐസക് ആയികുന്നു. സംഘപരിവാറിന്റെ ബൗദ്ധിക സംഘടനയാണ് ഭാരതീയ വിചാരകേന്ദ്രം.

കേന്ദ്രസാംസ്‌കാരികവകുപ്പും ICHRD ഉം(Indian Council Of Historical Research) സംയുക്തമായാണ് ‘രക്തസാക്ഷിനിഘണ്ടു-ഇന്ത്യന്‍ സ്വാതന്ത്ര്യസമരം: 1857മുതല്‍ 1947വരെ'(DICTIONARY OF MARTYRS, INDIA’S FREEDOM STRUGGLE-1857-1947) എന്ന ഗ്രന്ഥം പുറത്തിറക്കിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ അഞ്ചാം വോള്യത്തിലാണ് കേരളത്തിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളില്‍ പങ്കെടുത്ത് രക്തസാക്ഷികളായവരെക്കുറിച്ചുള്ളത്. ഇതില്‍ 1921-ലെ മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരില്‍ പ്രധാനികളായ ആലിമുസലിയാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദു ഹാജിയും ഉള്‍പ്പെടുന്നു. 1921-ലെ കലാപത്തില്‍ മരണമടഞ്ഞവരെല്ലാം ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്നു.

പ്രധാനമന്ത്രി പുറത്തിറക്കിയ ഈ പുസ്തകത്തില്‍ വാരിയന്‍കുന്നന്‍ സ്വാതന്ത്ര്യസമരസേനാനിയും സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ വീരചരമം പ്രാപിച്ച രക്തസാക്ഷിയുമാണെന്ന സാക്ഷ്യപത്രമാണ് ഭാരതീയ വിചാരകേന്ദ്രം നല്‍കിയത്.

 

Content Highlights: 387 ‘Moplah martyrs’ to be removed from the Dictionary of Martyrs of India’s Freedom Struggle