| Wednesday, 17th May 2017, 10:04 am

'മനുഷ്യന്‍ നശിപ്പിച്ച ലിസ്റ്റിലേക്ക് ഒരു ദ്വീപ് കൂടി'; മനുഷ്യവാസമില്ലാത്ത ദ്വീപില്‍ 17.6 ടണ്‍ പ്ലാസ്റ്റിക്ക്; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: മനുഷ്യന്റെ ദൃഷ്ടി എത്താത്ത സ്ഥലത്ത് പോലും അവന്‍ സൃഷ്ടിക്കുന്ന നാശത്തിന്റെ അളവ് എത്രത്തോളമാണെന്ന് തെളിയിക്കുന്നതാണ് ഹെന്‍ഡേര്‍സണ്‍ ദ്വീപിന്റെ ദുരവസ്ഥ. മനുഷ്യന്റെ ഇടപെടല്‍ കാര്യമായിട്ടില്ലെങ്കിലും കടലിലൂടെ ഒഴുകിയെത്തുന്ന അവശിഷ്ടങ്ങളാണ് ദ്വീപിനെ മലിനമാക്കുന്നത്.

ശാന്തസമുദ്രത്തിലെ പവിഴദ്വീപുകളിലൊന്നായ ഹെന്‍ഡേര്‍സണ്‍ ആണ് ഇന്ന് ലോകത്തിലെ ഏറ്റവും മലിനമായ ദ്വീപുകളിലൊന്ന്. ലോകത്ത് രേഖപ്പെടുത്തിയിരിക്കുന്ന മനുഷ്യനിര്‍മിതമായ അവശിഷ്ടങ്ങളിലെ ഏറ്റവും ഉയര്‍ന്ന തോതാണ് ഇവിടുത്തേത്.

ദ്വീപിലെ മാലിന്യങ്ങളില്‍ 99.8ശതമാനവും പ്ലാസ്റ്റിക് ആണ്. 3.8കോടി കഷ്ണങ്ങള്‍ കണ്ടെടുത്തതായി ടാസ്മാനിയ സര്‍വകലാശാലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശം 17.6 ടണ്‍ പ്ലാസ്റ്റിക്കാണ് കണ്ടെടുത്തതെന്ന് യു.കെയിലെ സൊസൈറ്റി ഫോര്‍ ദ പ്രോട്ടക്ഷന്‍ ഓഫ് ബോര്‍ഡ്സിന്റെ അഭിപ്രായം.

ജര്‍മനി, കാനഡ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള അവശിഷ്ടങ്ങളാണ് ഇവിടെയെത്തിയത്. 68 ശതമാനം പ്ലാസ്റ്റിക്കും മണ്ണിനടിയിലായ നിലയിലാണ് കണ്ടെടുത്തത്. പുതിയ പ്ലാസ്റ്റികും ദിവസേന ഒഴുകിയെത്തുന്നുണ്ട്. ലോകത്തെ എല്ലാ ദ്വീപുകളും നാശോന്മുഖമാണെങ്കിലും മനുഷ്യ സ്പര്‍ശം ഇല്ലാത്ത ഹെന്‍ഡേര്‍സണ്‍ സുരക്ഷിതമാണെന്ന ബോധം തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുതിയ പഠനമെന്ന് ടാന്‍സാനിയ സര്‍വകലാശാല ഗവേഷക വിദ്യാര്‍ത്ഥിയായ ജെന്നിഫര്‍ ലാവേര്‍സ് പറഞ്ഞു.

ദ്വീപില്‍ താമസിക്കുന്ന ജീവജാലങ്ങളുടെ അവസ്ഥ പരിതാപകരമാണ്. പ്ലാസ്റ്റിക് വസ്തുക്കളിലും മറ്റു അവശിഷ്ടങ്ങളിലും താമസിക്കുന്ന ഞണ്ടുകളെയും മറ്റും കണാനിടയായതായും ലാവേര്‍സ് പറഞ്ഞു.

ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ട ദ്വീപാണ് ഹെന്‍ഡേര്‍സണ്‍. 3700 ഹെക്ടറില്‍ ദ്വീപ് ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. പത്ത് വ്യത്യസ്തയിനം സസ്യങ്ങളും നാല് വിവിധയിനം കരയില്‍ കാണുന്ന പക്ഷികളും ഇവിടെയുണ്ട്. ദ്വീപിന്റെ ഗതി ഇത് പോലെ തുടരുകയാണെങ്കില്‍ ഈ ജൈവ വൈവിധ്യങ്ങള്‍ നഷ്ടപ്പെടും.

വീഡിയോ;

We use cookies to give you the best possible experience. Learn more