ഇന്ത്യയിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ മൂന്നിലൊന്ന് പേരും വളർച്ച കുറവുള്ളവർ; കണക്ക് പുറത്ത് വിട്ട് സർക്കാർ
national news
ഇന്ത്യയിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ മൂന്നിലൊന്ന് പേരും വളർച്ച കുറവുള്ളവർ; കണക്ക് പുറത്ത് വിട്ട് സർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th November 2024, 11:19 am

ന്യൂദൽഹി: ഇന്ത്യയിലുടനീളമുള്ള അങ്കണവാടികളിൽ ചേരുന്ന അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ മൂന്നിലൊന്ന് പേരും വളർച്ച കുറവുള്ളവരെന്ന് സർക്കാർ.

അഞ്ചു വയസ്സുവരെയുള്ള 7.54 കോടി കുട്ടികൾ അങ്കണവാടികളിൽ ചേരുകയും കുട്ടികളുടെ വിവരങ്ങൾ പോഷൻ ട്രാക്കറിൽ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി വനിതാ ശിശു വികസന സഹമന്ത്രി സാവിത്രി താക്കൂർ പറഞ്ഞു.

ഇതിൽ 7.31 കോടി കുട്ടികളെ വെച്ച് സർവേ നടത്തിയെന്നും അതിന്റെ കണ്ടെത്തലുകൾ കാണിക്കുന്നത് 38.9 ശതമാനം കുട്ടികൾ വളർച്ച കുറവുള്ളവരും 17 ശതമാനം കുട്ടികൾ ഭാരക്കുറവുള്ളവരും ആണെന്നാണ്.

വളർച്ച കുറവ്, ഭാരക്കുറവ് എന്നിവയെല്ലാം പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്നതാണ്. ഒരു വ്യക്തിയുടെ ഊർജത്തിലോ പോഷകങ്ങളുടെ ഉപഭോഗത്തിലോ ഉള്ള അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് പോഷകാഹാരക്കുറവ്.

‘ പോഷകാഹാരക്കുറവ് , ആവർത്തിച്ചുള്ള അണുബാധ, മാനസിക സാമൂഹിക പിരിമുറുക്കം എന്നിവ അനുഭവിക്കുന്ന കുട്ടികളിൽ വളർച്ച കുറവും പോഷകാഹാരക്കുറവും ഉണ്ടാകും,’ ലോകാരോഗ്യ സംഘടന പറഞ്ഞു.

0-6 വയസ്സുള്ള പ്രായ വിഭാഗത്തിലെ കുട്ടികളുടെ , ഡാറ്റയിലും സമാനമായ ആശങ്കകൾ ഉണ്ട്. ഈ ഗ്രൂപ്പിലെ 8.55 കോടി കുട്ടികളിൽ 37 ശതമാനം കുട്ടികളും വളർച്ച കുറവുള്ളവരാണെന്നും 17 ശതമാനം പേർ ഭാരക്കുറവുള്ളവരാണെന്നും കണക്കുകൾ പറയുന്നു. വ്യാഴാഴ്ച പുറത്തിറക്കിയ മന്ത്രാലയത്തിൻ്റെ പ്രതികരണത്തിലാണിത് പറയുന്നത്.

ഡബ്ല്യു.സി.ഡി മന്ത്രാലയത്തിൻ്റെ ‘പോഷൻ ട്രാക്കർ’ മുഖേന നടത്തിയ സർവേയിലാണ് ഈ വിവരങ്ങൾ പുറത്ത് വന്നത്. പോഷകാഹാര ഫലങ്ങൾ നിരീക്ഷിക്കുന്നതിനും അംഗൻവാടികളിലെ സേവനങ്ങളുടെ വിതരണം ട്രാക്കുചെയ്യുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് പോഷൻ ട്രാക്കർ .

ഒരു കുട്ടിയുടെ ഉയരം കുട്ടിയുടെ പ്രായത്തിനനുസരിച്ച് ഉള്ളതിനേക്കാൾ താഴെയാണെങ്കിൽ കുട്ടിക്ക് വളർച്ചക്കുറവ് ഉള്ളതായി കണക്കാക്കപ്പെടുന്നു. ഒരു കുട്ടിയുടെ ഭാരം കുട്ടിയുടെ ഉയരത്തിനനുസരിച്ച് ശുപാർശ ചെയ്യുന്ന അളവിലും താഴെയാണെങ്കിൽ കുട്ടിക്ക് ഭാരക്കുറവ് ഉള്ളതായും കണക്കാക്കുന്നു.

 

 

 

 

 

 

Content Highlight: 38.9 per cent children under five enrolled in anganwadis found stunted