ബാലനീതി നിയമം നടപ്പിലാക്കുമ്പോള്‍ അടച്ചുപൂട്ടുന്നത് 375 അനാഥാലയങ്ങള്‍; നിയമത്തില്‍ പറയുന്ന സൗകര്യങ്ങള്‍ ഉറപ്പാക്കാനാവില്ലെന്ന് നടത്തിപ്പുകാര്‍
Child Right
ബാലനീതി നിയമം നടപ്പിലാക്കുമ്പോള്‍ അടച്ചുപൂട്ടുന്നത് 375 അനാഥാലയങ്ങള്‍; നിയമത്തില്‍ പറയുന്ന സൗകര്യങ്ങള്‍ ഉറപ്പാക്കാനാവില്ലെന്ന് നടത്തിപ്പുകാര്‍
ആര്യ. പി
Thursday, 5th April 2018, 5:03 pm

കോഴിക്കോട്: ബാലനീതി നിയമപ്രകാരം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതോടെ സംസ്ഥാനത്ത് അടച്ചുപൂട്ടുന്നത് 375 ഓളം അനാഥാലയങ്ങള്‍. രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതോടെ 165 അനാഥാലയങ്ങള്‍ നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 31വരെയായിരുന്നു രജിസ്‌ട്രേഷനുള്ള സമയപരിധി. രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

താമസക്കാരായ കുട്ടികള്‍ക്ക് മെച്ചപ്പെട്ട ശ്രദ്ധയും പരിചരണവും നല്‍കുന്നെന്ന് ഉറപ്പാക്കാനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ നടപ്പാക്കുന്നത്.

കുട്ടികള്‍ക്ക് ആനുപാതികമായി നിശ്ചിത എണ്ണം ജോലിക്കാര്‍, അധ്യാപകര്‍, കെയര്‍ ടേക്കര്‍, ഡോക്ടര്‍, സൈക്കോളജിസ്റ്റ് തുടങ്ങിയവരുടെ സേവനം ഉറപ്പാക്കണമെന്നതടക്കമുള്ള വ്യവസ്ഥകളാണ്‌ ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ പറഞ്ഞിരിക്കുന്നത്.

ജെ.ജെ ആക്ട് പ്രകാരം നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെ, ശ്രദ്ധയും സംരക്ഷണവും ആവശ്യമായതോ നിയമവുമായി പൊരുത്തപ്പെടാത്തതോ ആയ കുട്ടികളെ താമസിപ്പിക്കുന്നത് കുറ്റകരമാണ്. ഇത്തരം സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം.

18 വയസ്സ് വരെയുള്ള കുട്ടികളാണ് നിയമത്തിന്റെ പരിധിയില്‍ വരുന്നത്. കുട്ടികളുടെ പുനരധിവാസം, വികസനം, സംരക്ഷണം, ശ്രദ്ധ എന്നിവയ്ക്കാവശ്യമുള്ള അടിസ്ഥാനസൌകര്യങ്ങളും സംവിധാനങ്ങളും എന്തൊക്കെയാണെന്ന് നിയമം വിശദീകരിക്കുന്നു.

നിയമവുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്ന കുട്ടികളെ രക്ഷിക്കുന്നതിനായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളും സഹായം ആവശ്യമുള്ള കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും ശുശ്രൂഷയും ഉറപ്പാക്കുന്നതിനുള്ള ശിശു ക്ഷേമ കമ്മിറ്റികളും ഈ സംവിധാനത്തില്‍ ഉള്‍പ്പെടുന്നു.

രജിസ്ട്രേഷന്‍ എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള അപേക്ഷയും അനുബന്ധ രേഖകളും സ്ഥാപനം പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ശിശുസംരക്ഷണ ഓഫീസര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. നിലവിലുള്ള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സ്ഥാപനത്തിലെ ഭൗതികസൗകര്യങ്ങള്‍, മുറികളുടെ എണ്ണവും വലിപ്പവും, ജലസ്രോതസ്, ശുചിത്വസംവിധാനങ്ങള്‍ തുടങ്ങിയ വിവരങ്ങളും നല്‍കണം.

സംഘടനയുടെ സാമ്പത്തികസ്ഥിതി, വരുമാനസ്രോതസ്സുകള്‍, മൂന്നുവര്‍ഷത്തെ ഓഡിറ്റ് ചെയ്ത കണക്കുകള്‍, വിദേശത്തുനിന്നടക്കം ലഭിക്കുന്ന ഫണ്ടുകള്‍ എന്നിവ വ്യക്തമാക്കണം. സ്ഥാപനത്തിന് സാമൂഹ്യനീതി ഡയറക്ടറാണ് താത്കാലിക രജിസ്ട്രേഷന്‍ നല്‍കുക. തുടര്‍ന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസറോ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ സ്ഥാപനം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം.

എന്നാല്‍ പുതിയ നിബന്ധനകള്‍ക്കെതിരെ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ഇ കെ വിഭാഗം സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹരജി നല്‍കിയിരുന്നു. ഇത് ഈമാസം 10നാണ് ഹരജി പരിഗണിക്കുന്നത്. ഇതിലെ കോടതി ഉത്തരവിനനുസരിച്ച് അംഗീകാരം നേടാത്തവര്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കാനാണ് വനിത-ശിശുവികസന വകുപ്പിന്റെ തീരുമാനം.

കഴിഞ്ഞ ദിവസം സെക്രട്ടറി തലത്തില്‍ കൂടിയിരിക്കുന്ന യോഗത്തില്‍ പത്താം തിയതി കോടതിയുടെ തീരുമാനങ്ങള്‍വരുന്നതുവരെ കാത്തുനില്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും കോടതി വിധി എന്താണോ പറയുന്നത് അതിനനുസരിച്ച് പ്രവര്‍ത്തിക്കാം എന്ന രീതിയിലാണ് യോഗത്തില്‍ തീരുമാനമായതെന്നുമാണ് ശിശു സംരക്ഷണ ഓഫീസര്‍ ജോസഫ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

“”10 ാം തിയതി സുപ്രീം കോടതിയുടെ പരിഗണനയില്‍ കേസ് വരുന്നുണ്ട്. മുന്‍പുള്ള നിര്‍ദേശപ്രകാരം 31-3-18 ന് ശേഷം അംഗീകാരമില്ലാത്ത അല്ലെങ്കില്‍ ജെ.ജെ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളൊന്നും തന്നെ പ്രവര്‍ത്തിക്കരുതെന്ന് പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ കൊടുക്കുകയും ചില സ്ഥാപനങ്ങള്‍ കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. കോടതിയെ സമീപിച്ച സ്ഥാപനങ്ങള്‍ പത്താം തിയതി കോടതി ഒരു തീരുമാനം പറയുന്നതുവരെ എന്താണോ പറയുന്നത് അതിനെ അടിസ്ഥാനപ്പെടുത്തി രജിസ്‌ട്രേഷന്റെ കാര്യങ്ങളുമായി മുന്നോട്ടുപോകാമെന്നാണ് പറഞ്ഞിരിക്കുന്നത്””-ജില്ലാ ശിശുക്ഷേമ തലവന്‍ ജോസഫ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

ജെ.ജെ. ആക്ടില്‍ പറഞ്ഞിരിക്കുന്ന പ്രൊവിഷന്‍സ് കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വേണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഹൈക്കോടതിയില്‍ ഒരു കേസ് വന്നപ്പോഴാണ് സ്ഥലവും സ്റ്റാഫുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കുറച്ചുകൂടി വ്യക്തത വരണമെന്ന് നിര്‍ദേശിക്കുന്നത്.

ഇപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് കോടതിയുടെ നിര്‍ദേശപ്രകാരം രജിസ്റ്റര്‍ ചെയ്യുക, ബാക്കിയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ തലത്തിലോ കോടതി തീരുമാനം വരുന്നതിനനുസരിച്ച് ചെയ്യാമെന്നുള്ളാണ്. ജെ.ജെ ആക്ട് പ്രകാരം സ്ഥാപനത്തിന് കുറേയേറെ പ്രൊവിഷ്യന്‍സ് വേണം. ഇന്‍ഫ്രാസ്‌ട്രെക്ചര്‍, സ്റ്റാഫ് ഉള്‍പ്പെടെ നിരവധി കാര്യങ്ങളുണ്ട്. അത് പെട്ടെന്ന് ഉണ്ടാക്കാം എന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ടായിരിക്കാം പത്താം തിയതി തീരുമാനം വന്നതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കാമെന്ന് പറഞ്ഞത്- ജില്ലാ ശിശു സംരക്ഷണ തലവന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.


Dont Miss ലൈഫ് മിഷൻ പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ കുടിയൊഴിപ്പിച്ചവര്‍ പെരുവഴിയില്‍


അതേസമയം ഇത്തരത്തില്‍ പൂട്ടുന്ന സ്ഥാപനങ്ങളിലെ കുട്ടികളെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റാണ് ശിശുസംരക്ഷണ സമിതിയുടെ തീരുമാനം. താല്‍പര്യമില്ലാത്തവരെ വീടുകളിലേക്ക് മടക്കിവിടും. പുതുക്കാത്ത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവസാനിക്കുന്നതോടെ പന്ത്രണ്ടായിരത്തിലധികം കുട്ടികളെയാവും മാറ്റി പാര്‍പ്പിക്കേണ്ടി വരിക.

നേരത്തെ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് കാട്ടി 516 അനാഥാലയങ്ങള്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് അപേക്ഷ നല്‍കിയിരുന്നു.

തുടര്‍ന്ന് ബോര്‍ഡ് അടച്ചുപൂട്ടാന്‍ അനുമതി തേടിയ സ്ഥാപനമേധാവികളുടെ യോഗവും ബോര്‍ഡ് വിളിച്ചു. സുപ്രീംകോടതി നിര്‍ദേശം അനുസരിച്ച് രജിസ്റ്റര്‍ ചെയ്യണമെന്നും അടിസ്ഥാന സൗകര്യം ഉണ്ടോയെന്ന് പിന്നീടാകും പരിശോധിക്കുകയെന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഒരുവിഭാഗം സ്ഥാപനങ്ങള്‍ കൂടി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന 1165 സ്ഥാപനങ്ങളില്‍ 790 എണ്ണം മാത്രമാണ് പുതിയതായി ജില്ല ശിശുക്ഷേമ സമിതികളില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. എറണാകുളത്തെ 150 സ്ഥാപനങ്ങളില്‍ 103 ഉം മലപ്പുറത്ത് 131 സ്ഥാപനങ്ങളില്‍ 85 എണ്ണവുമാണ് പുതിയതായി അപേക്ഷ നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം -94, കോഴിക്കോട് -48 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.

അതേസമയം കുട്ടികള്‍ക്ക് ആനുപാതികമായി നിശ്ചിത എണ്ണം ജോലിക്കാര്‍, അധ്യാപകര്‍, കെയര്‍ ടേക്കര്‍, ഡോക്ടര്‍, സൈക്കോളജിസ്റ്റ് തുടങ്ങിയവരുെട സേവനം ഉറപ്പാക്കണമെന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകളാണ് നിയമത്തിലുള്ളതെന്ന് സ്ഥാപന ഉടമകള്‍ പറയുന്നു.

“”ഇത് കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുക. കൂടാതെ, പുതിയ കെട്ടിടങ്ങളും മറ്റും ഒരുക്കുകയും വേണം. കൂടാതെ, നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും ഒരുവര്‍ഷംവരെ തടവും പുതിയ നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഈ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പ്രയാസമാണ്””. ഇവര്‍ സ്ഥാപനങ്ങളെ ഹോസ്റ്റലുകളാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്.-ഒരു വിഭാഗം സ്ഥാപനങ്ങള്‍ പറയുന്നു.

50 കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ 32 ജീവനക്കാര്‍ വേണം എന്നാണ് പറയുന്നതെന്നും സ്റ്റാഫിന്റെ പാറ്റേണും സാലറിയും വിദ്യാഭ്യാസ യോഗ്യതയും അംഗീകരിക്കാന്‍ കഴിക്കാത്തതാണെന്നും കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സദാശിവ ബാലസദനം ജനറല്‍ സെക്രട്ടറി നാരായണന്‍ നമ്പൂതിരി ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു

“”എം.എസ് ഡബ്ല്യൂ കഴിഞ്ഞ കൗണ്‍സിലര്‍ക്ക് 18000 രൂപ ശമ്പളം നല്‍കണമെന്നാണ് അവര്‍ പറയുന്നത്. ഇത് ആര് കൊടുക്കുമെന്നും എവിടെ നിന്നുകൊടുക്കുമെന്നും വ്യക്തമല്ല. സുപ്രീം കോടതി പറഞ്ഞത് നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും കേരളത്തില്‍ മാത്രം ഈ നിയമം നടപ്പിലാക്കാതിരിക്കാന്‍ കഴിയില്ല എന്നുമാണ്. നടപ്പാക്കി കഴിഞ്ഞാല്‍ ഇളവ് നല്‍കാന്‍ സര്‍ക്കാരിന് അധികാരമുണ്ടല്ലോ? 50 കുട്ടികള്‍ക്ക് 32 സ്റ്റാഫ് വേണമെന്ന് പറഞ്ഞാല്‍ അവര്‍ക്കുള്ള ശമ്പളം സര്‍ക്കാര്‍ കൊടുക്കുമോ?

ഇത് നടപ്പിലായാല്‍ കടുത്ത നിയന്ത്രണങ്ങള്‍ വരും. സാമ്പത്തിക തിരിമറി ഒന്നും നടക്കില്ല. രജിസ്റ്റര്‍ ചെയ്താല്‍ പിന്നെ അഞ്ച് കൊല്ലത്തേക്ക് പിന്‍മാറാന്‍ കഴിയില്ല. സ്ഥാപനങ്ങള്‍ക്ക് അനുകൂലമായ വിധിയായിരുന്നു ഹൈക്കോടതി മുന്‍പ് നടത്തിയിരുന്നത്. നിലവില്‍ ഓര്‍ഫനേജ് കണ്‍ട്രോഫ് ബോര്‍ഡ് ഉണ്ടെങ്കിലും അവര്‍ക്ക് ഇനി വലിയ റോള്‍ ഉണ്ടാവില്ല”” അദ്ദേഹം പ്രതികരിച്ചു.

അതേസമയം ബാലനീതി നിയമപ്രകാരം റജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത അനാഥാലയങ്ങളിലെ കുട്ടികളുടെ കണക്കും സൗകര്യങ്ങളും സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സാമൂഹിക നീതി വകുപ്പ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനു കീഴില്‍ റജിസ്റ്റര്‍ ചെയ്തതും ബാലനീതി നിയമപ്രകാരം റജിസ്റ്റര്‍ ചെയ്യാത്തതുമായ സ്ഥാപനങ്ങള്‍ക്കായിരുന്നു നിര്‍ദേശം നല്‍കിയത്.

കൂടുതല്‍ അനാഥാലയങ്ങള്‍ പൂട്ടേണ്ട സാഹചര്യമുണ്ടായാല്‍ അന്തേവാസികളുടെ പുനരധിവാസമടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടതുണ്ട്. ഇതിനു മുന്നോടിയായാണു അനാഥാലയങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നത്.

മേയ് 31ന് അകം വിവരങ്ങള്‍ നല്‍കാനാണു നിര്‍ദേശമെന്നു സാമൂഹിക നീതി വകുപ്പ് സ്പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ പ്രതികരിച്ചു.

അനാഥാലയങ്ങള്‍ ബാലനീതി നിയമപ്രകാരം രജിസ്ട്രേഷന്‍ എടുത്ത ശേഷം പ്രായോഗിക വിഷമതകള്‍ പരിഹരിക്കാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നാണു സര്‍ക്കാര്‍ നിലപാട്. ഇത് അംഗീകരിച്ചു ചില സ്ഥാപനങ്ങള്‍ റജിസ്ട്രേഷനു സന്നദ്ധമായിട്ടുണ്ടെന്ന് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രബേഷനറി ഓഫിസര്‍ പി.ജയകുമാര്‍ പറഞ്ഞു.

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.