ശബരിമല; ഇതുവരെ അറസ്റ്റിലായത് 3701 പേരെന്ന് പൊലീസ്
Sabarimala women entry
ശബരിമല; ഇതുവരെ അറസ്റ്റിലായത് 3701 പേരെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd November 2018, 8:52 pm

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തില്‍ ഇതുവരെ ആകെ അറസ്റ്റിലായത് 3701 പേരെന്ന് പൊലീസ്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 543 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ഡി.ജി.പി അറിയിച്ചു.

കലാപശ്രമം നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം നിലയ്ക്കലിലും പമ്പയിലും നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. സംഘര്‍ഷത്തില്‍ അറസ്റ്റിലായ അഭിഭാഷകന്റെ ജാമ്യഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിര്‍ദേശം.

ആ സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാ ദൃശ്യമാധ്യമങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ നല്‍കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംഘര്‍ഷ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കിയത് സി.പി.ഐ.എം ഗ്രൂപ്പുകള്‍ വഴിയാണെന്നാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ ആരോപിച്ചത്.

അതേസമയം അഞ്ചാംതീയതി ശബരിമല ക്ഷേത്ര നട തുറക്കുന്ന സാഹചര്യത്തില്‍ ശബരിമലയിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ആറാംതീയതി അര്‍ധരാത്രി വരെയായിരിക്കും നിരോധനാജ്ഞ.

അഞ്ചാംതീയതി ശബരിമല ദര്‍ശനത്തിന് യുവതികളെത്തിയാല്‍ സുരക്ഷ ഒരുക്കാന്‍ പൊലീസ് സുസജ്ജമെന്ന് പത്തനംതിട്ട എസ്.പി ടി. നാരായണന്‍ അറിയിച്ചു. ശബരിമലയിലും പരിസരത്തും അതീവ ജാഗ്രത നിര്‍ദ്ദേശത്തിനൊപ്പം പരിശോധന ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.