ലണ്ടന്‍: അന്തരിച്ച ശതകോടീശ്വരനും ആഡംബര ലക്ഷ്വറി ഡിപ്പാര്‍ട്ടമെന്റ് സ്റ്റോറായ ഹരോഡ്‌സിന്റെ മുന്‍ ഉടമസ്ഥനുമായ മുഹമ്മദ് അല്‍- ഫയേദിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി 37ഓളം സ്ത്രീകള്‍ രംഗത്ത്. ഓസ്‌ട്രേലിയ, കാനഡ, ഇറ്റലി, മലേഷ്യ, റൊമാനിയ, യു.എസ് എന്നീ രാജ്യങ്ങളിലെ സ്ത്രീകളാണ് പരാതിപ്പെട്ടിരിക്കുന്നത്.
ഇവരെല്ലാവരും തന്നെ ഹരോഡ്‌സിലെ മുന്‍ ജീവനക്കാരാണ്. ലണ്ടന്‍, പാരിസ്, സെന്റ് ട്രോപ്പസ്, അബുദാബി തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ചാണ് അതിക്രമങ്ങള്‍ നടന്നതെന്നും അതിജീവിതകള്‍ ബി.ബി.സിയോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ബി.ബി.സി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ‘അല്‍-ഫയേദ്: പ്രഡേറ്റര്‍ അറ്റ് ഹാരോഡ്‌സ്’ എന്ന ഡോക്യുമെന്ററിയിലൂടെ ഫയേദിനെതിരായ ലൈംഗികാതിക്രമത്തിന്റെ തെളിവുകള്‍ പുറത്ത് വിട്ടിരുന്നു. ആരോപണങ്ങള്‍ മറച്ചുവെക്കാന്‍ ഫയേദ് ശ്രമിച്ചിരുന്നതായും ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. ഇവരില്‍ പലരും ഹരോഡ്‌സിന്റെ സ്‌റ്റോറുകളില്‍ വെച്ചാണ് അതിക്രമത്തിന് ഇരയായത്.
എന്നാല്‍ ഫയേദിനെതിരായ ആരോപണത്തില്‍ പ്രതികരണവുമായി ആഡംബര കമ്പനിയായ ഹരോഡ്‌സും രംഗത്തെത്തിയിട്ടുണ്ട്. മുന്‍ ഉടമയ്‌ക്കെതിരായ ആരോപണത്തെതുടര്‍ന്ന് തങ്ങള്‍ തികച്ചും പരിഭ്രാന്തരായെന്നും സംഭവത്തില്‍ ക്ഷമാപണം നടത്തുന്നതായും കമ്പനി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം തന്റെ 94ാം വയസ്സിലാണ് ഫയെദ് അന്തരിച്ചത്. 2010ല്‍ ഖത്തറിലെ സോവറിന്‍ വെല്‍ത്ത് ഫണ്ടിന് അദ്ദേഹം ഹാരോഡ്‌സ് കൈമാറിയിരുന്നു.
അതേസമയം ബ്രിട്ടീഷ് രാജകുടുംബത്തെ ഇതിവൃത്തമാക്കി നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയ ക്രൗണ്‍ എന്ന് സീരീസില്‍ ഫയേദിനെ നല്ലവനായി ചിത്രീകരിച്ചത് കണ്ടതോടെയാണ് പരാതിയുമായി രംഗത്ത് വന്നതെന്ന് അതിജീവിതകള്‍ പറയുന്നുണ്ട്.
ചാള്‍സ് രാജകുമാരനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം ഡയാന രാാജകുമാരി ഫയേദിന്റെ മകന്‍ ഡോഡിയുമായി പ്രണയത്തിലായിരുന്നു. 1997ല്‍ ഇരുവരും ഒരു കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് മകന്റെ മരണത്തില്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പങ്ക് തെളിയിക്കാന്‍ ഫയേദ് നിയമപോരാട്ടം നടത്തിയെങ്കിലും അവ തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
Content Highlight: 37 women accuses complaint against Harrods former owner Mohamed Al-Fayed