| Thursday, 2nd January 2025, 12:50 pm

പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീൺ പദ്ധതിയിൽ 37 ശതമാനം പേർക്കും ഇനിയും വീടുകൾ ലഭിച്ചിട്ടില്ല; പാർലമെന്റ് പാനൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കേന്ദ്രസർക്കാരിൻ്റെ പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീൺ പദ്ധതിയുടെ രണ്ട് ലക്ഷം ഗുണഭോക്താക്കൾക്ക് ഇനിയും പി.എം.എ.വൈ-ജി ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്ന് പാർലമെന്റ് പാനൽ. രണ്ട് ലക്ഷത്തിലധികം ഭൂരഹിതരായ ആളുകൾക്ക് ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാൽ പദ്ധതിയുടെ ഫലപ്രാപതിയെക്കുറിച്ച് പാർലമെൻ്ററി പാനൽ ഫ്ലാഗ് ചെയ്‌ത് ആശങ്ക ഉയർത്തി.

പദ്ധതി നടപ്പാക്കുന്ന ഗ്രാമവികസന മന്ത്രാലയം, ഭൂരഹിതരായ ഗുണഭോക്താക്കൾക്ക് നിശ്ചിത സമയത്തിനുള്ളിൽ അവരുടെ ഭൂമിയുടെ പട്ടയം ഉറപ്പാക്കാൻ നയം രൂപീകരിക്കണമെന്ന് കോൺഗ്രസ് എം.പി സപ്തഗിരി ശങ്കറിൻ്റെ നേതൃത്വത്തിലുള്ള സമിതി ശുപാർശ ചെയ്തു.

2016ൽ ഗ്രാമീണ ഭവന പദ്ധതി ആരംഭിച്ചപ്പോൾ, പി.എം.എ.വൈ-ജി പ്രകാരം ഗ്രാമപ്രദേശങ്ങളിൽ സ്വന്തമായി ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് 5.73 ലക്ഷം വീടുകൾ കേന്ദ്രം അനുവദിച്ചു.

എന്നാൽ ഗ്രാമവികസനവും പഞ്ചായത്തിരാജും സംബന്ധിച്ച സ്റ്റാൻഡിങ് കമ്മിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, സംസ്ഥാനങ്ങളുടെ ഭൂമി അനുവദിക്കൽ കാലതാമസം കാരണം 37 ശതമാനത്തിലധികം അല്ലെങ്കിൽ 2.12 ലക്ഷം പേർക്ക് ഇതുവരെയും കേന്ദ്ര സഹായം നേടാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസമാണ് സമിതി റിപ്പോർട്ട് പാർലമെൻ്റിൽ സമർപ്പിച്ചത്.

ഭൂരഹിതരായ ഗുണഭോക്താക്കൾ മൊത്തം പി.എം.എ.വൈ-ജി ഗുണഭോക്താക്കളേക്കാൾ വളരെ കുറവാണ്.

പി.എം.എ.വൈ ജി പദ്ധതി 2024 മാർച്ചിൽ അവസാനിക്കേണ്ടതായിരുന്നു. എന്നിരുന്നാലും, ഗ്രാമപ്രദേശങ്ങളിൽ രണ്ട് കോടി വീടുകൾ കൂടി നിർമിക്കുന്നതിനായി കഴിഞ്ഞ വർഷം നരേന്ദ്ര മോദി സർക്കാർ പദ്ധതി 2029 മാർച്ച് വരെ നീട്ടി.

കഴിഞ്ഞ വർഷം ഡിസംബറിൽ ഗ്രാമവികസനവും പഞ്ചായത്തിരാജും സംബന്ധിച്ച സ്റ്റാൻഡിങ് കമ്മിറ്റി പാർലമെൻ്റിൽ ഗ്രാമവികസന വകുപ്പിന് മറ്റൊരു റിപ്പോർട്ട് സമർപ്പിച്ചു. അതിൽ തമിഴ്‌നാട്, ഒഡീഷ, മഹാരാഷ്ട്ര, അസം, കർണാടക തുടങ്ങി നിരവധി സംസ്ഥാനങ്ങൾ ഭൂരഹിതരായ പി.എം.എ.വൈ-ജി ഗുണഭോക്താക്കൾക്ക് ഭൂമി നൽകിയിട്ടില്ലെന്നും ഇത് പദ്ധതിയുടെ പുരോഗതിയെ ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് നിരീക്ഷിച്ചു.

പദ്ധതി 2029 വരെ നീട്ടിയതോടെ, പ്രശ്‌നം പരിഹരിക്കുന്നതിന് ഒരു നയം രൂപീകരിക്കാൻ പാനൽ മന്ത്രാലയത്തോട് ശുപാർശ ചെയ്തു. തമിഴ്‌നാട്ടിൽ ഭൂരഹിതരായ 98,904 പേരിൽ 77,498 പേർക്കും സംസ്ഥാന സർക്കാരിൽ നിന്ന് ഭൂമി ലഭിക്കാനുണ്ട്. തമിഴ്‌നാട്ടിലെന്നപോലെ കർണാടകയിലും കണ്ടെത്തിയ 55,436 ഗുണഭോക്താക്കളിൽ 40,000 പേർക്ക് ഇനിയും ഭൂമി ലഭിച്ചിട്ടില്ല. അസമിൽ 31,799, ഒഡീഷ 22,427, മഹാരാഷ്ട്ര 18,663, ബിഹാർ 11,093 എന്നിങ്ങനെയാണ് ഭൂരഹിതരുടെ എണ്ണം.

Content Highlight: 37% of landless PMAY-Gramin beneficiaries yet to get a house, parliamentary panel says

We use cookies to give you the best possible experience. Learn more