ന്യൂദൽഹി: ഇന്ത്യയിലെ സ്‌കൂളുകളിലെ മൊത്തം എൻറോൾമെൻ്റ് 25.17 കോടിയിൽ നിന്ന് 2023-24ൽ 24.80 കോടിയായി കുറഞ്ഞതായി റിപ്പോർട്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ (യു.ഡി.എസ്.ഇ ) ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്.
യു.ഡി.എസ്.ഇ ഡാറ്റ അനുസരിച്ച്, സ്കൂളുകളിലെ മൊത്തം എൻറോൾമെൻ്റ് 2022-23ൽ 25.17 കോടി ആയിരുന്നു. ഇത് 2023-24 ആയാപ്പോൾ 24.80 കോടിയായി കുറഞ്ഞു. ഇത് ഗണ്യമായ ഇടിവ് രേഖപ്പെടുത്തുന്നു. പെൺകുട്ടികളുടെ പ്രവേശനത്തിൽ 16 ലക്ഷം കുറവും ആൺകുട്ടികളുടെ പ്രവേശനത്തിൽ 21 ലക്ഷവും കുറവ് ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.
മൊത്തം എൻറോൾമെൻ്റിൽ ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം ഏകദേശം 20 ശതമാനമാണ്. ന്യൂനപക്ഷങ്ങളിൽ 79.6 ശതമാനം മുസ്‌ലിങ്ങളും 10 ശതമാനം ക്രിസ്ത്യാനികളും 6.9 ശതമാനം സിഖുകാരും 2.2 ശതമാനം ബുദ്ധമതക്കാരും 1.3 ശതമാനം ജൈനരും 0.1 ശതമാനം പാഴ്സികളുമാണ്.
ഇത് സാമ്പത്തിക പ്രതിസന്ധിയെ പ്രതിഫലിപ്പിക്കുന്നതായി വിമർശകർ പറഞ്ഞു. ‘വർധിച്ചുവരുന്ന സാമ്പത്തിക അസമത്വം കുടുംബങ്ങളെ പ്രത്യേകിച്ച് സാമൂഹ്യ-സാമ്പത്തിക മേഖലയിൽ താഴെ ഉള്ളവരെ അവരുടെ കുട്ടികളെ സ്കൂളുകളിൽ ചേർക്കുന്നതിൽ വിമുഖരാക്കുന്നു,’ വിമർശകർ പറഞ്ഞു.
സ്വകാര്യവത്ക്കരണം സർക്കാർ സ്കൂളുകൾ അടച്ച് പൂട്ടുന്നതിന് കാരണമാകുന്നതായി സി.പി.ഐ.എം നേതാവ് ശുഭസിനി അലി പറഞ്ഞു. ‘ഞെട്ടിക്കുന്നു, സ്വകാര്യവൽക്കരണം സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടൽ എന്നിവയാണ് ഇതിന് ഉത്തരവാദികൾ,’ ശുഭസിനി അലി പറഞ്ഞു.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങൾ കുട്ടികൾ കുറയുന്നതിനാൽ അവിടെയുള്ള ക്ലാസ് റൂമുകൾ ഉപയോഗശൂന്യമാകുന്നെന്ന് റിപ്പോർട്ട് പറയുന്നു.
ആധാർ വെരിഫിക്കേഷനിലൂടെയും ആനുകൂല്യങ്ങൾ കാര്യക്ഷമമാക്കുന്നതിലൂടെയും കൊഴിഞ്ഞുപോകുന്ന വിദ്യാർത്ഥികളെ കണ്ടെത്തുമെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും, അത് സാധ്യമായിട്ടില്ല ഇപ്പോഴും.
‘ഇവിടെ പ്രസക്തമാകേണ്ടത് കേവലം എണ്ണത്തിലുണ്ടാകുന്ന കുറവുകളല്ല മറിച്ച് വിദ്യാഭ്യാസം നഷ്ടപ്പെടുന്ന ഒരു തലമുറയെക്കുറിച്ചാണ്. സർക്കാർ ശതകോടികൾ മായ പദ്ധതികൾക്കും പ്രചാരണങ്ങൾക്കുമായി ചെലവഴിക്കുമ്പോൾ, ഇന്ത്യയുടെ കുട്ടികളുടെ ഭാവി ബലികഴിക്കപ്പെടുകയാണ്,’ ഒരു വിദ്യാഭ്യാസ ചിന്തകൻ പറഞ്ഞു.
Content Highlight: 37 lakh students didn’t make it into schools in 2023–24, admits Modi govt