സ്റ്റെയ്‌നിനും ആന്‍ഡേഴ്‌സണുമെതിരെ 100+ ശരാശരിയുള്ള ഏക താരം; ഇന്നിവന്റെ പിറന്നാള്‍
Sports News
സ്റ്റെയ്‌നിനും ആന്‍ഡേഴ്‌സണുമെതിരെ 100+ ശരാശരിയുള്ള ഏക താരം; ഇന്നിവന്റെ പിറന്നാള്‍
ആദര്‍ശ് എം.കെ.
Saturday, 30th November 2024, 2:58 pm

ക്രിക്കറ്റ് ലോകത്തെയൊന്നാകെ നിരാശയിലേക്ക് തള്ളിയിട്ടാണ് ഫില്‍ ഹ്യൂഗ്‌സ് വിടപറഞ്ഞത്. 2014ലെ ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റിനിടെ തലയില്‍ പന്തുകൊണ്ടാണ് ഹ്യൂഗ്‌സ് എന്ന നക്ഷത്രം ഗ്രൗണ്ടില്‍ വീണുടഞ്ഞത്.

ഷോണ്‍ അബോട്ടിന്റെ പെര്‍ഫ്യൂം ബോള്‍ ചെവിയുടെ പിന്‍ഭാഗത്ത് ഹെല്‍മെറ്റിന്റെ സുരക്ഷ ഇല്ലാത്ത ഭാഗത്ത് കൊള്ളുകയും വെര്‍ട്ടിബ്രല്‍ ആര്‍ട്ടറിക്ക് ഗുരുതര പരിക്കേറ്റ ഹ്യൂഗ്‌സ് ഗ്രൗണ്ടില്‍ തളര്‍ന്നുവീഴുകയുമായിരുന്നു.

തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ സെന്റ് വിന്‍സെന്റ് ആശുപത്രിയില്‍ കോമയില്‍ ചിലവഴിച്ച ഹ്യൂഗ്‌സ് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് തന്റെ 26ാം പിറന്നാളിന് മൂന്ന് ദിവസം മുമ്പ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹം ധരിച്ച ഹെല്‍മെറ്റിന്റെ സുരക്ഷ ഇല്ലാത്ത ഭാഗത്ത് ബോള്‍ കൊണ്ടുണ്ടായ അപകടമാണ് കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് ക്രിക്കറ്റില്‍ കൂടുതല്‍ സുരക്ഷയുള്ള, തലയില്‍ ബോള്‍ എവിടെ കൊണ്ടാലും പ്രതിരോധിക്കാന്‍ പറ്റുന്ന രീതിയിലുള്ള ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഹെല്‍മെറ്റുകള്‍ ഉപയോഗിച്ച് തുടങ്ങി.

തന്റെ 26ാം പിറന്നാളിന് തൊട്ടുമുമ്പ്, ഒട്ടേറെ ക്രിക്കറ്റ് ബാക്കിയാക്കി ഹ്യൂഗ്‌സ് തന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചെങ്കിലും 22 യാര്‍ഡില്‍ ചെലവഴിച്ച കാലത്ത് അദ്ദേഹം സ്വന്തമാക്കിയ നേട്ടങ്ങള്‍ ഫില്‍ ഹ്യൂഗ്‌സ് എന്ന താരത്തെ അനശ്വരനായി എന്നെന്നും നിലനിര്‍ത്തും. തന്റെ സുഹൃത്തുക്കളുടെയും സഹതാരങ്ങളുടെയും മനസില്‍ മാത്രമല്ല, ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തിലും ഫില്‍ ഹ്യൂഗ്‌സിന്റെ ലെഗസി ഇന്നും നിലനില്‍ക്കുന്നുണ്ട്.

ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബൗളര്‍മാര്‍ എന്ന് നിസ്സംശയം പറയാന്‍ സാധിക്കുന്ന ഡെയ്ല്‍ സ്റ്റെയ്‌നെതിരെയും ജെയിംസ് ആന്‍ഡേഴ്‌സണെതിരെയും ടെസ്റ്റ് ഫോര്‍മാറ്റില്‍ 100+ ശരാശരിയുള്ള ഏക താരമാണ് ഹ്യൂഗ്‌സ്.

ആന്‍ഡേഴ്‌സണെതിരെ 103.00 ശരാശരിയുള്ള ഹ്യൂഗ്‌സ് 149.00 എന്ന തകര്‍പ്പന്‍ ശരാശരിയിലാണ് ഡെയ്ല്‍ സ്റ്റെയ്‌നെതിരെ റണ്ണടിച്ചുകൂട്ടിയത്.

ടെസ്റ്റില്‍ കളത്തിലിറങ്ങിയ ആദ്യ ഇന്നിങ്‌സില്‍ ഹ്യൂഗ്‌സ് പൂജ്യത്തിന് പുറത്തായിരുന്നു. 2009 ഫെബ്രുവരി 26ന് സൗത്ത് ആഫ്രിക്കക്കെതിരെ ജോഹനാസ് ബെര്‍ഗിലെ അരങ്ങേറ്റ ഇന്നിങ്‌സില്‍ നേരിട്ട നാലാം പന്തില്‍ ഡെയ്ല്‍ സ്റ്റെയ്‌നിന് വിക്കറ്റ് നല്‍കിയാണ് താരം പവലിയനിലേക്ക് തിരിച്ചുനടന്നത്.

എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ 75 റണ്‍സുമായി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഹ്യൂഗ്‌സിനായി.

ഈ പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ഹ്യൂഗ്‌സ് താന്‍ ഇവിടെയുണ്ടെന്ന് ക്രിക്കറ്റ് ലോകത്തോട് വിളിച്ചുപറഞ്ഞത്. ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തില്‍ തന്റെ പേരെഴുതിച്ചേര്‍ത്തുകൊണ്ടായിരുന്നു താരം വരവറിയിച്ചത്. ഓസ്‌ട്രേലിയ 175 റണ്‍സിന് വിജയിച്ച മത്സരത്തില്‍ രണ്ട് ഇന്നിങ്‌സിലും ഹ്യൂഗ്‌സിന്റെ ബാറ്റ് ട്രിപ്പിള്‍ ഡിജിറ്റ് തൊട്ടു.

ആദ്യ ഇന്നിങ്‌സില്‍ 115 റണ്‍സ് സ്വന്തമാക്കിയ താരം രണ്ടാം ഇന്നിങ്‌സില്‍ 160 റണ്‍സാണ് സ്വന്തമാക്കിയത്.

ഇതോടെ ഒരു ചരിത്ര നേട്ടവും ഹ്യൂഗ്‌സിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഒരു ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് ഹ്യൂഗ്‌സ് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്. തന്റെ 20ാം വയസിലാണ് ഹ്യൂഗ്‌സ് ടെസ്റ്റ് ക്രിക്കറ്റിന്റെ കൊടുമുടി കയറിയ നേട്ടം സ്വന്തമാക്കിയത്.

ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം നാല് വര്‍ഷത്തോളം കഴിഞ്ഞാണ് ഹ്യൂഗ്‌സ് ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2013 ജനുവരി 11ന് ശ്രീലങ്കക്കെതിരെ. മെല്‍ബണില്‍ നടന്ന മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് ഹ്യൂഗ്‌സ് വീണ്ടും ചരിത്രമെഴുതിയത്.

129 പന്തില്‍ നിന്നും 112 റണ്‍സ് നേടിയ ഹ്യൂഗ്‌സ്, ഏകദിന അരങ്ങേറ്റത്തില്‍ സെഞ്ച്വറി സ്വന്തമാക്കുന്ന ആദ്യ ഓസ്‌ട്രേലിയന്‍ താരമെന്ന ഐതിഹാസിക നേട്ടം സ്വന്തമാക്കി. ഈ നേട്ടം പിറവിയെടുത്ത് 11 വര്‍ഷങ്ങള്‍ക്കിപ്പുറവും ഹ്യൂഗ്‌സ് അല്ലാതെ മറ്റൊരു കങ്കാരുവിനും ഈ റെക്കോഡില്‍ തൊടാന്‍ സാധിച്ചിട്ടില്ല.

2014 നംവബര്‍ 25ന് നടന്ന സൗത്ത് വെയ്ല്‍സ് – സൗത്ത് ഓസ്‌ട്രേലിയ മത്സരത്തില്‍ ഷോണ്‍ അബോട്ട് ആ ബൗണ്‍സര്‍ എറിഞ്ഞിരുന്നില്ലെങ്കില്‍, ആ ബൗണ്‍സര്‍ ഹെല്‍മെറ്റിന്റെ സുരക്ഷിതത്വമുള്ള ഭാഗത്താണ് കൊണ്ടിരുന്നതെങ്കില്‍ ഇന്ന് 36 വയസ് തികയുന്ന ഹ്യൂഗ്‌സ് ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമായി തുടര്‍ന്നേനെ.

ഒരുപക്ഷേ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ബുംറയുടെയും സിറാജിന്റെയും പന്തുകളെ വര്‍ധിത വീര്യത്തോടെ നേരിട്ട് ഇന്ത്യക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് ഓസ്‌ട്രേലിയന്‍ നിരയില്‍ കരുത്താകാനും അവനുണ്ടാകുമായിരുന്നു.

10 വര്‍ഷങ്ങള്‍ക്ക് മുമ്പ് 63 റണ്‍സില്‍ നില്‍ക്കവെ ജീവിതത്തിന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ച ആ 64ാം നമ്പറുകാരന്‍ ഇന്നും ആരാധകരുടെ മനസില്‍ നോട്ട് ഔട്ടായി തുടരുന്നു. ബ്രാഡ്മാനും ഷെയ്ന്‍ വോണിനുമൊപ്പം സ്വര്‍ഗത്തില്‍ തന്റെ പത്താം പിറന്നാള്‍ ആഘോഷിക്കുന്ന ഹ്യൂഗ്‌സിന് ഇന്ന് ഭൂമിയില്‍ 36ാം പിറന്നാള്‍. Happy Birthday Phil Hughes

 

Content highlight: 36th birth anniversary of Phil Hughes

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.