മുണ്ടക്കൈ ദുരന്തത്തില്‍ മരണം 365; മരിച്ചവരില്‍ 30 കുട്ടികള്‍, 148 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി
Kerala News
മുണ്ടക്കൈ ദുരന്തത്തില്‍ മരണം 365; മരിച്ചവരില്‍ 30 കുട്ടികള്‍, 148 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd August 2024, 7:29 pm

മേപ്പാടി: മുണ്ടക്കൈ ദുരന്തത്തില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് 365 പേര്‍ക്ക്. തിരിച്ചറിഞ്ഞ 148 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. 206 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. മരിച്ചവരില്‍ 30 കുട്ടികളും ഉള്‍പ്പെടുന്നു. ദുരന്തമുഖത്ത് നടന്ന തിരച്ചിലില്‍ 147 ശരീര ഭാഗങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.

നിലവില്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകളിലെ തിരച്ചില്‍ അവസാനിപ്പിച്ചു. മുണ്ടക്കൈ, പുഞ്ചിരിവട്ടം, ചാലിയാര്‍ എന്നിവിടങ്ങളിലെ തിരച്ചിലാണ് അവസാനിപ്പിച്ചത്. ഇന്നത്തെ തിരച്ചിലില്‍ നാല് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചൂരല്‍മലയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങളും നിലമ്പൂരില്‍ ഒന്നുമാണ് കണ്ടെത്തിയത്.

ചാലിയാറില്‍ നാളെ രാവിലെ ഏഴ് മണിയോടെ രണ്ട് ഭാഗങ്ങളായി തിരച്ചില്‍ പുനരാരംഭിക്കും. ചാലിയാറിലെ തിരച്ചില്‍ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ചാലിയാറില്‍ നിന്ന് ഇന്ന് 12 മൃതദേഹങ്ങള്‍ കണ്ടെത്തി.

എന്‍.ഡി.ആര്‍.എഫ്, സൈന്യം, നേവി എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നും തിരച്ചില്‍ നടന്നത്. തമിഴ്‌നാടിന്റെ ഫയര്‍ഫോഴ്‌സ് ഡോഗ് സ്‌ക്വാഡും ഇന്നത്തെ പരിശോധനയില്‍ സഹായിച്ചിരുന്നു.

സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ കണ്ടെടുത്തത് 215 മൃതദേഹങ്ങളാണ്. 87 സ്ത്രീകള്‍, 98 പുരുഷന്‍മാര്‍, 30 കുട്ടികള്‍. പരിക്കേറ്റ 81 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. നിലവില്‍ വയനാട്ടില്‍ 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10042 പേരാണുള്ളത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കുമെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ആശ്വാസ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയില്‍ നിന്ന് ജില്ലാ കളക്ടര്‍ക്ക് നാല് കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ് ഈ തുക വിനിയോഗിക്കേണ്ടത്.

Content Highlight: 365 people have lost their lives in the wayanad landslide so far