പമ്പ: ഈ വര്‍ഷത്തെ മണ്ഡലമാസത്തില്‍ ശബരിമല ദര്‍ശനത്തിനായി 36 സ്ത്രീകള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കി. ശബരിമലയില്‍ പോകാന്‍ താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്ക് വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാമെന്ന് 2018ല്‍ ശബരിമല യുവതീ പ്രവേശ വിധി വന്നതിനു ശേഷം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
അപേക്ഷിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതുവരെ ലഭിച്ചത് 36 അപേക്ഷകളാണ്. യുവതീ പ്രവേശനത്തിനു സ്റ്റേയില്ലാത്ത സാഹചര്യത്തില്‍ ഇനിയും സ്ത്രീകള്‍ ശബരിമല കയറാന്‍ മുന്നോട്ടു വന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം, ശബരിമല കയറാനെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ സുരക്ഷയൊരുക്കണമെന്ന് ശബരിമല കയറിയ ബിന്ദു അമ്മിണി പറഞ്ഞിരുന്നു. ഇനിയും അവസരം ലഭിച്ചാല്‍ മലകയറുമെന്ന് കനഗദുര്‍ഗയും വ്യക്തമാക്കിയിരുന്നു.
2018 ലെ വിധിയില്‍ സ്റ്റേ ഇല്ലെങ്കിലും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കേണ്ടതില്ല എന്നാണ് നിലപാടെന്ന് എസ്.എന്‍.ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പോലെ യുവതികളെ ശബരിമലയില്‍ കയറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് എം.പി കെ. മുരളീധരനും അഭിപ്രായപ്പെട്ടിരുന്നു.
പുനഃപരിശോധന ഹരജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി നടപടി സുപ്രീം കോടതി നിലപാട് സ്വാഗതാര്‍ഹമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. വിധിയോടെ യു.ഡി.എഫ് നിലപാട് ശരിയെന്ന് തെളിഞ്ഞെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.
‘ആക്ടിവിസ്റ്റുകളെ തെരഞ്ഞ് കണ്ടുപിടിച്ച് സര്‍ക്കാര്‍ ശബരിമല കയറ്റാന്‍ കൊണ്ടുപോയതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായത്. സര്‍ക്കാര്‍ ആ നിലപാടില്‍ നിന്ന് പുറകോട്ട് പോയപ്പോള്‍ മാത്രമാണ് നാട്ടില്‍ സമാധാനം ഉണ്ടായത്’ ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബര്‍ 28 ന്റെ വിധി പുനപ്പരിശോധിക്കണമെന്ന ഹരജികള്‍ ഏഴംഗ ഭരണ ഘടന ബെഞ്ചിനു വിട്ടിരുന്നു. ഹരജി പരിഗണിക്കുന്നതുവരെ പഴയ വിധി നിലനില്‍ക്കും. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുന്നുവെന്ന് ജസ്റ്റിസ് നരിമാന്‍ നിര്‍ദേശിച്ചിരുന്നു.