ന്യൂ ദല്‍ഹി: പ്രധാനമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് വിട്ടുനിന്ന 36 വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ചണ്ഡീഗഡിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് എജ്യുക്കേഷനിലെ 36 പി.ജി.ഐ.എം.ഇ.ആര്‍ വിദ്യാര്‍ഥികള്‍ക്കാണ് ഹോസ്റ്റലില്‍ നിന്ന് പുറത്തിറങ്ങാന്‍ വിലക്കേര്‍പ്പെടുത്തിയത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 30ന് രാവിലെ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാന്‍ നഴ്‌സിങ് വിദ്യാര്‍ഥികളെ അയക്കാന്‍ പി.ജി.ഐ.എം.ഇ.ആര്‍ ഡയറക്ടറുടെ ഓഫീസില്‍ നിന്ന് ലഭിച്ച ഉത്തരവ് പാലിക്കാന്‍ കൂട്ടാക്കാത്ത കുട്ടികള്‍ക്കെതിരെയാണ് നടപടിയുണ്ടായത്.
നൂറാം എപ്പിസോഡില്‍ ഒന്നും മൂന്നും വര്‍ഷ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഹോസ്റ്റല്‍ കോര്‍ഡിനേറ്ററാണ് ആവശ്യപ്പെട്ടത്. പലതവണ ഈ ആവശ്യം ഉന്നയിച്ചെങ്കിലും പരിപാടിയില്‍ നിന്ന് വിദ്യാര്‍ഥികള്‍ മാറി നിന്നുവെന്നും വാര്‍ഡന്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ പരിപാടി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന തരത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന് ചണ്ഡീഗഡ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ലുബാന ആരോപിച്ചു. നടപടി ഏകാധിപത്യപരവും നിര്‍ബന്ധിതവുമാണെന്നും ലുബാന കൂട്ടിച്ചേര്‍ത്തു.