| Saturday, 4th November 2017, 7:56 am

ഗുജറാത്ത് വോട്ടെടുപ്പില്‍ ബി.ജെ.പി ക്രമക്കേട് നടത്തുമെന്ന് ഉറപ്പാണ്; 3550 വി.വിപാറ്റുകളാണ് പരിശോധനയില്‍ പരാജയപ്പെട്ടതെന്നും ഹാര്‍ദിക് പട്ടേല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തട്ടിപ്പു നടത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി പടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. ഗുജറാത്ത് തെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന 35,00 ലേറെ വി.വി.പാറ്റ് മെഷീനുകളാണ് പരിശോധനയില്‍ പരാജയപ്പെട്ടതെന്നു പറഞ്ഞുകൊണ്ടാണ് ഹാര്‍ദിക് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നത്.

“3550 ലേറെ വി.വി പാറ്റ് മെഷീനുകള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നടത്തിയ ആദ്യ ഘട്ട പരീക്ഷണത്തില്‍ തന്നെ പരാജയപ്പെട്ടു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തട്ടിപ്പു നടത്തുമെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാനാവും.” അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഗുജറാത്തിലെ 50128 വോട്ടിങ് ബൂത്തുകളിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം വോട്ടര്‍ വെരിഫൈഡ് ഓഡിറ്റ് ട്രയല്‍ ഉപയോഗിക്കുമെന്ന് സെപ്റ്റംബര്‍ 29ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചിരുന്നു.

കഴിഞ്ഞദിവസം നടത്തിയ ആദ്യഘട്ട പരിശോധനയില്‍ 3550 വി.വി.പാറ്റുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവ നിരസിച്ചിരുന്നു. ജംനാഗര്‍, ദേവ്ഭൂമി ദ്വാരക എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവുമധികം വി.വിപാറ്റുകള്‍ തള്ളിയത്.


Also Read:‘ചോദിക്കാത്ത ചോദ്യത്തിന് പറയാത്ത ഉത്തരം അഥവാ നുണയന്റെ ‘തേജസ് ‘; വാര്‍ത്ത ശരിയെന്ന് തെളിയിക്കാന്‍ തേജസ് പത്രത്തെ വെല്ലുവിളിച്ച് എം.സ്വരാജ്


70182 വി.വിപാറ്റുകളാണ് ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍ക്കായി ഉപയോഗിക്കുക. ഇതില്‍ 46000 ഡിവൈസുകള്‍ പുതിയവയാണ്. ബംഗളുരുവിലെ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡില്‍ നിന്നും ഹൈദരാബാദിലെ ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും ഇത് നേരിട്ട് ഗുജറാത്തില്‍ എത്തിക്കും. ബാക്കിയുള്ളത് പഞ്ചാബ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, രാജസ്ഥാന്‍, പശ്ചിമബംഗാള്‍, തമിഴ്‌നാട്, ജാര്‍ഖണ്ഡ്, ഹരിയാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് കൊണ്ടുവരിക.

We use cookies to give you the best possible experience. Learn more