റായ്പൂര്‍: ഏപ്രില്‍ 11 ന് നടന്ന ഏറ്റുമുട്ടലില്‍ 35 മാവോവാദികള്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്‌തെന്ന് അറസ്റ്റിലായ മാവോവാദി പറഞ്ഞു. പ്രത്യേക ദൗത്യ സംഘവുമായുള്ള എറ്റുമുട്ടലിന് ശേഷമായിരുന്നു ഇയാള്‍ കീഴടങ്ങിയിരുന്നത്. സുക്മ ജില്ലയിലെ പിഡ്മലിലായിരുന്നു പോലീസും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നത്.
ഏറ്റുമുട്ടലില്‍ 7 പോലീസുകാര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സി.പി.ഐ മാവോയിസ്റ്റിലെ സോറി രാമ എന്നറിയപ്പെടുന്ന കണ്ണ കരിഗുണ്ടം പോലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ബറ്റാലിയന്‍ ഡെപ്യൂട്ടി കമാന്റര്‍ സിതു, കോണ്ട പ്രദേശത്തെ കമ്മിറ്റി സെക്രട്ടറി അര്‍ജുന്‍ എന്നിവരുള്‍പ്പെടെയാണ് കൊല്ലപ്പെട്ടതെന്നാണ് മൊഴിയില്‍ പറയുന്നത്.
ആക്രമണത്തിന് പദ്ധതിയിട്ട മൂന്ന് പേരില്‍ ഉള്‍പ്പെട്ടവരാണ് സിതുവും അര്‍ജുനും. പിഡ്മലിനും ദബാക്കോണ്ട ക്യാമ്പിനുമിടയില്‍ നിരീക്ഷണം നടത്തുക എന്നുള്ളതായിരുന്നു സോറിയുടെ ചുമതല. മറ്റ് ഏഴ് പേരും കൂടെ ഉണ്ടാകുമായിരുന്നുവെന്നും മൊഴി വ്യക്തമാക്കുന്നു.
” 20-25 സ്ത്രീകളടക്കം 250 ഓളം മാവോവാദികളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മാവോവാദി കമാന്റര്‍ നാഗേഷ് ആയിരുന്നു സംഘത്തിന്റെ തലവന്‍. 35 മാവോവാദികള്‍ കൊല്ലപ്പെട്ടെന്നും ഇത് വലിയ നഷ്ടമാണെന്നും അദ്ദേഹം പറയുന്നത് കേട്ടു. ഈ വിവരം പോലീസോ സര്‍ക്കാരോ ജനങ്ങളോ അറിയരുതെന്നും നാഗേഷ് അറിയിച്ചിരുന്നു.” മൊഴിയില്‍ പറയുന്നു.