ന്യൂദല്‍ഹി: ഹിമാചലിലേക്ക് നടത്തിയ ട്രക്കിങ്ങിനിടെ റൂര്‍ക്കിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ 35 വിദ്യാര്‍ത്ഥികളടക്കം 45 പേരെ കാണാതായതായി റിപ്പോര്‍ട്ട്.
സ്പിതി ജില്ലയ്ക്കടുത്ത് വെച്ചാണ് അപകടമുണ്ടായത്. പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ചയുണ്ടാകുന്ന സമയമാണെന്ന് ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഹംതയില്‍ നിന്നും മണാലിയിലേക്കാണ് സംഘം യാത്ര തിരിച്ചതെന്ന് ഒരു വിദ്യാര്‍ത്ഥിയുടെ പിതാവ് രജ്വീര്‍ സിങ് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ഇവരില്‍ ആരുമായും ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു.
ഹിമാചലിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. തിങ്കളാഴ്ചയുണ്ടായ മഞ്ഞുവീഴ്ചയില്‍ അഞ്ചോളം ആളുകള്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കുളുവില്‍ ഉണ്ടായ അപകടത്തില്‍ മരിച്ച നാല് പേരില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കന്‍ഗ്ര, കുള്ളു, ഹമിര്‍പൂര്‍ ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കനത്ത മഴയും ഇവിടെ തുടരുകയാണ്. വെള്ളപ്പൊക്കത്തില്‍ നിരവധി വീടുകളും കടകളും ഒലിച്ചുപോയിട്ടുണ്ട്. പാരാഗ്ലൈഡിങ് ഉള്‍പ്പെടെയുള്ള എല്ലാ സ്‌പോര്‍ട്‌സ് ആക്ടിവിറ്റികളും നിര്‍ത്തിവെക്കാന്‍ ടൂറിസം ഡിപാര്‍ട്‌മെന്റും നിര്‍ദേശം നല്‍കിയിട്ടുണ്ട്.