സൗത്ത് ആഫ്രിക്കയിലെ ടി-ട്വന്റി പ്രീമിയര്‍ ലീഗാണ് എസ്.എ20. 2023ല്‍ തുടങ്ങിയ ടൂര്‍ണ്ണമെന്റ് ഇപ്പോള്‍ രണ്ടാം സീസണിലേക്ക് എത്തിനില്‍ക്കുകയാണ്. ജനുവരി 10ന് ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സണ്‍ റൈസ് ഈസ്റ്റേണ്‍ കേപും ജോബര്‍ഗ് സൂപ്പര്‍ കിങ്‌സും ഗ്‌കെബെര്‍ഹയില്‍ ഏറ്റുമുട്ടും.
റെയിന്‍ബോ നാഷനില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പില്‍ ആറ് ടീമുകളാണ് മത്സരിക്കുന്നത്. സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്, ജോബര്‍ഗ് സൂപ്പര്‍ കിങ്‌സ്, എം.ഐ കേപ് ടൗണ്‍, ടര്‍ബന്‍ സൂപ്പര്‍ ജയ്ന്റ്‌സ്, പാള്‍ റോയല്‍സ്, പ്രെട്ടോറിയ കാപ്പിറ്റല്‍സ് എന്നീ ടീമുകളാണ് ലീഗില്‍ മത്സരിക്കുന്നത്. എന്നാല്‍ പണപ്രവാഹത്തിന്റെ കാര്യത്തില്‍ എസ്.എ20 പ്രീമിയര്‍ ലീഗ് ഐ.പി.എല്ലിനെക്കാളും മുന്നിലാണോ എന്ന ചോദ്യം അടുത്തകാലത്തായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
2023 ഐ.പി.എല്‍ സീസണില്‍ വിജയിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിന് 20 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. റണ്ണറപ്പായ ഗുജറാത്ത് ടൈറ്റന്‍സിന് 13 കോടി രൂപയും ലഭിച്ചു. എസ്.എ20 യുടെ രണ്ടാം പതിപ്പില്‍ വിജയിക്കുന്ന ടീമിന് 34 ദശലക്ഷം റാന്‍ഡ് (ഏകദേശം 15 കോടി രൂപ) സമ്മാനത്തുക ലഭിക്കും. രണ്ടാം സ്ഥാനക്കാരായ ടീമിന് 16.25 ദശലക്ഷം റാന്‍ഡ് (ഏകദേശം 7.2 കോടി രൂപ) വിഹിതം ലഭിക്കും.
കഴിഞ്ഞ മൂന്ന് സീസണുകളിലായി ഐ.പി.എല്‍ കിരീട ജേതാവിന് 20 കോടി രൂപയാണ് നല്‍കി വരുന്നത്. 2020ല്‍ 10 കോടി രൂപയായിരുന്നു സമ്മാനത്തുക. സമ്മാനത്തുകയുടെ കാര്യത്തില്‍ സൗത്ത് ആഫ്രിക്കയുടെ ഫ്രാഞ്ചൈസി ലീഗ് നിലവില്‍ ഐ.പി.എല്ലിന്റെ താഴെയാണ്. ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ടി-ട്വന്റി പ്രീമിയര്‍ ലീഗിനെ മുന്‍നിരയില്‍ കൊണ്ടുവരാന്‍ ഏറെ പരിശ്രമിക്കുന്നുണ്ട്.
Content Highlight: Will South African Premier League beat IPL?