ന്യൂദല്‍ഹി: ശക്തമായ കാറ്റിലും മഴയിലും ഉത്തരേന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി 34 മരണം. ജാര്‍ഗണ്ഡ്, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലാണ് കഴിഞ്ഞ 48 മണിക്കൂറില്‍ മഴ കനത്ത നാശം വിതച്ചത്. ജാര്‍ഗണ്ഡില്‍ 12 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബീഹാറിലും ഉത്തര്‍പ്രദേശിലും 12 ഉം 10ഉം ആണ് മരണങ്ങള്‍. അതേസമയം, കേരളത്തില്‍ പ്രതീക്ഷിച്ചതിലും മൂന്ന് ദിവസം മുന്‍പേ മണ്‍സൂണെത്തി.
ബീഹാറില്‍ മരിച്ചവരില്‍ മൂന്ന് പേര്‍ ഒരു കുടുംബത്തില്‍ പെട്ടവരാണ്. പെഖ ഗ്രാമത്തിലെ ഇവര്‍ കനത്ത കാറ്റില്‍ മരം മുറിഞ്ഞ് വീണാണ് മരിച്ചത്. പ്രദേശത്ത് കൂടുതല്‍ നഷ്ടങ്ങല്‍ ഒഴിവാക്കാന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ജാര്‍ഗണ്ഡിലെ വിവിധ പ്രദേശങ്ങളിലും കനത്ത ഇടിമിന്നലും മഴയും നേരിട്ടു. റാഞ്ചിയിലെ ഇത്കി പ്രദേശത്ത് തിങ്കളാഴ്ച രാവിലെയുണ്ടായ മിന്നലില്‍ 17 വയസുകാരന്‍ മരിച്ചു. വീടിന് പുറത്ത് വച്ച് പ്രാതല്‍ കഴിക്കുന്നതിനിടെയാണ് മിന്നലേറ്റത്.
റാഞ്ചിയിലെ കൊയനര്‍തൊലി ഗ്രാമത്തില്‍ മുത്തച്ഛനൊപ്പം കടയില്‍ നിന്ന് മടങ്ങുമ്പോഴാണ് 12 വയസുകാരന് മിന്നലേറ്റത്. മറ്റൊരാള്‍ കൂടി ജില്ലയില്‍ മിന്നലേറ്റ് മരിച്ചിട്ടുണ്ട്.
അതേസമയം, കേരളത്തില്‍ പ്രതീക്ഷിച്ചതിലും നേരത്തെ മണ്‍സൂണ്‍ എത്തിയത് രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് പ്രതീക്ഷ നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം നല്ല കാലാവസ്ഥയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.