| Tuesday, 31st October 2023, 10:22 pm

'21 ദിവസത്തിൽ ഗസയിൽ കൊല്ലപ്പെട്ടത് 3,324 കുട്ടികൾ; 2022ൽ 24 രാജ്യങ്ങളിലായി കൊല്ലപ്പെട്ടത് 2,985 കുട്ടികൾ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഒക്ടോബർ ഏഴ് മുതൽ ഗസയിൽ ഇസ്രഈലി ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം 20 രാജ്യങ്ങളിലെ വിവിധ സംഘർഷങ്ങളിലായി 2019 മുതൽ ഓരോ വർഷവും കൊല്ലപ്പെട്ട മുഴുവൻ കുട്ടികളെക്കാൾ കൂടുതലാണെന്ന് സേവ് ദി ചിൽഡ്രൻ എൻ.ജി.ഒയുടെ റിപ്പോർട്ട്.

ഒക്ടോബർ 28ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബർ ഏഴ് മുതൽ 3,324 കുട്ടികളാണ് ഗസയിൽ കൊല്ലപ്പെട്ടത്. വെസ്റ്റ് ബാങ്കിൽ ഇതേ കാലയളവിൽ 36 കുട്ടികൾ കൊല്ലപ്പെട്ടു.

യു.എൻ സെക്രട്ടറി ജനറലിന്റെ റിപ്പോർട്ട് പ്രകാരം 2022ൽ 24 രാജ്യങ്ങളിലെ 2,985 കുട്ടികളാണ് കൊല്ലപ്പെട്ടത്. 22 രാജ്യങ്ങളിൽ നിന്നായി 2021ൽ 2,512 കുട്ടികളും 2020ൽ 2,674 കുട്ടികളുമാണ് കൊല്ലപ്പെട്ടതെന്ന് സേവ് ദി ചിൽഡ്രൻ പറയുന്നത്.

‘ഒരു കുട്ടിയുടെ മരണം തന്നെ ഭയാനകമാണ്. അപ്പോൾ ഈ ക്രൂരമായ നിയമ ലംഘനങ്ങൾ പരിധികൾ കടന്നിരിക്കുന്നു,’ ഫലസ്തീനിലെ സേവ് ദി ചിൽഡ്രൻ ഡയറക്ടർ ജേസൺ ലീ പറഞ്ഞു.

അന്താരാഷ്ട്ര സമൂഹം രാഷ്ട്രീയത്തിന് പകരം ജനങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും ചർച്ച നടക്കുന്ന ഓരോ ദിവസവും കുട്ടികൾ കൊല്ലപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗസയിൽ പ്രതിദിനം 420 കുട്ടികളെങ്കിലും മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്യുന്നു എന്ന് യുണിസെഫിന്റെയും റിപ്പോർട്ടുകൾ ഉണ്ട്. ഗസയിൽ കൊല്ലപ്പെട്ടതിൽ 40% അധികവും കുട്ടികളാണ്.

ഗസയിലെ മാലാഖമാർ എന്ന തലക്കെട്ടിൽ കൊല്ലപ്പെട്ട മുഴുവൻ കുട്ടികളുടെയും പേരുകൾ ഉൾപ്പെടുത്തി ടെഹ്‌റാൻ ടൈംസിന്റെ ആദ്യ പേജ് ശ്രദ്ധേയമായിരുന്നു. കുട്ടികളുടെ പേര് മാത്രം ചിത്രമാക്കി നൽകിക്കൊണ്ട് ഇസ്രഈൽ ആക്രമണത്തിന്റെ തീവ്രതയാണ് ലോകത്തിനു മുന്നിൽ കാണിക്കുന്നതെന്ന് ചർച്ചകൾ ഉണ്ടായി.

ഫലസ്തീനികളുടെ പോരാട്ടത്തെ അമേരിക്ക പാർശ്വവൽക്കരിക്കാൻ ശ്രമിക്കുമ്പോൾ കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ ഇസ്രഈൽ ഭരണകൂടം കൂട്ടക്കൊല ചെയ്ത ആയിരക്കണക്കിന് ഫലസ്തീനി കുട്ടികളെ ആദരിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് ടെഹ്‌റാൻ ടൈംസ് പറയുന്നത്.

Content Highlight: 3324 children killed in Gaza in 21 days; 2985 children killed throughout 24 countries in 2022 alone

We use cookies to give you the best possible experience. Learn more