കാസര്‍ഗോഡ്: ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ 33 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ ബാലറ്റ് പേപ്പര്‍ കിട്ടിയില്ലെന്ന് പരാതി. ബാലറ്റ് പേപ്പറിന്‍ അപേക്ഷ നല്‍കിയിട്ടും ലഭിച്ചില്ലെന്നാണ് പരാതി.
കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയമസഭ മണ്ഡലങ്ങളിലെ വോട്ടര്‍മാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ബാലറ്റ് പേപ്പര്‍ കിട്ടാതിരുന്നത്.
ഇതേക്കുറിച്ചു ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ബേഡകം, മഞ്ചേശ്വരം സ്റ്റേഷനുകളിലെ രണ്ടു എ.എസ്.ഐമാര്‍ക്കും തപാല്‍ ബാലറ്റ് ലഭിച്ചില്ലെന്നും പരാതിയുണ്ട്.
എസ്.ഐ, എ.എസ്.ഐ, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍, വനിത സിവില്‍ പൊലീസ് ഓഫിസര്‍ തുടങ്ങിയവരുടേതായി 44 അപേക്ഷകളാണ് ബേക്കല്‍ സ്റ്റേഷനില്‍ നിന്ന് പോസ്റ്റല്‍ ബാലറ്റിനായി അയച്ചത്. ഇതില്‍ 11 അപേക്ഷകര്‍ക്കു മാത്രമാണ് ബാലറ്റ് പേപ്പര്‍ ലഭിച്ചത്.
അപേക്ഷിച്ചവര്‍ക്കു മുഴുവന്‍ ബാലറ്റ് പേപ്പര്‍ അയച്ചിട്ടുണ്ടെന്നായിരുന്നു പരാതിയുമായി അസി.റിട്ടേണിങ് ഓഫിസര്‍മാരെ സമീപിച്ചപ്പോള്‍ ലഭിച്ച മറുപടി. പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ഡി.സജിത് ബാബുവും വ്യക്തമാക്കി.
ബേഡകം, മഞ്ചേശ്വരം സ്റ്റേഷനുകളിലെ 2 എ.എസ്.ഐമാരും സ്റ്റേഷനിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ബാലറ്റിനായി അപേക്ഷിച്ചത്. പരാതിയുമായി ബേഡകം എ.എസ്.ഐ കഴിഞ്ഞ ദിവസം കലക്ടറേറ്റിലെ തപാല്‍വോട്ട് വിഭാഗത്തില്‍ എത്തിയെങ്കിലും സെക്ഷന്‍ ക്ലര്‍ക്ക് ഇല്ലാത്തതിനാല്‍ തിങ്കളാഴ്ച വിവരം നല്‍കാമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.