| Wednesday, 13th March 2019, 4:53 pm

പാര്‍ലമെന്റിലും നിയമസഭകളിലും മാത്രമല്ല, സര്‍ക്കാര്‍ ജോലികളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം കൊണ്ടു വരും: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ജയിച്ച് കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ പാര്‍ലമെന്റിലും, നിയമസഭകളിലും കൂടാതെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ചെന്നെയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അധികം സ്ഥാപനങ്ങളെ അവര്‍ നയിക്കുന്നത് ഞാന്‍ കാണുന്നില്ല, അവര്‍ അധികം സംസ്ഥാനങ്ങളെ നയിക്കുന്നത് ഞാന്‍ കാണുന്നില്ല, ലോക്‌സഭയിലും അവരുടെ പ്രാതിനിധ്യം കുറവാണ്. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഞങ്ങള്‍ സ്ത്രീ സംവരണ ബില്‍ പാസാക്കും, മാത്രമല്ല സര്‍ക്കാര്‍ ജോലികളിലും 33 ശതമാനം സംവരണം കൊണ്ടുവരും”- രാഹുല്‍ ഗാന്ധി പറഞ്ഞു.

Also Read എനിക്ക് ശരിക്കും അദ്ദേഹത്തോട് സ്നേഹം തോന്നിയിരുന്നു; പാര്‍ലമെന്റില്‍ മോദിയെ ആലിംഗനം ചെയ്തതെന്തിനെന്ന് വിശദീകരിച്ച് രാഹുല്‍ ഗാന്ധി

ഉത്തരേന്ത്യയെ അപേക്ഷിച്ച് ദക്ഷിണേന്ത്യയിലെ സത്രീകള്‍ മെച്ചപ്പെട്ട രീതിയിലാണ് പരിചരിക്കപ്പെടുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ സ്ഥിതി ഇനിയും ഒരുപാട് മെച്ചപ്പെടേണ്ടിയിരിക്കുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

റഫാല്‍ വിമാനങ്ങത്തിന്റെ പ്രാപ്തിയെക്കുറിച്ച് തങ്ങള്‍ക്ക് സംശയമൊന്നുമില്ലെന്നും, കോണ്‍ഗ്രസിന് സംശയം നരേന്ദ്ര മോദിയേയും അനില്‍ അംബാനിയേയുമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നേരത്തെ ചെന്നൈയില്‍ സ്റ്റെല്ലാ മേരിസ് കോളേജ് വിദ്യാര്‍ത്ഥിനികളോട് സംസാരിക്കവെ അന്വേഷണം നടത്തുന്നതില്‍ വിവേചനം കാണിക്കരുതെന്നും, പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്‌ക്കെതിരെ അന്വേഷണം നടത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെയും അന്വേഷണം പ്രഖ്യാപിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

Image Credits: PTI

We use cookies to give you the best possible experience. Learn more