| Tuesday, 7th January 2020, 6:12 pm

ഖാസിം സുലൈമാനിയുടെ അന്ത്യോപചാര ചടങ്ങിലെ തിക്കിലും തിരക്കിലും അപകടം; 32-ലേറെ പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെഹ്‌രാന്‍: യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ അന്ത്യോപചാര ചടങ്ങിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 32 ഓളം പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാനിലെ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം 32 ലേറെ പേര്‍ കൊല്ലപ്പെടുകയും 190 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഖാസിം സുലൈമാനിയുടെ ജന്‍മനാടായ കെര്‍മാനിലെ റോഡുകളില്‍ വലിയ തോതില്‍ ജനക്കൂട്ടം അലയടിച്ചതിനാല്‍ സുലൈമാനിയുടെ ഖബറടക്കല്‍ മാറ്റി വെച്ചിരിക്കുകയാണെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഐ.എസ്.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതു വരെ പുറത്തു വന്നിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊല്ലപ്പെട്ട സുലൈമാനിയുടെ മൃതദേഹവുമായി ബാഗ്ദാദില്‍ നിന്ന് തെഹ്‌രാനിലേക്ക് നടന്ന അന്ത്യോപചാര യാത്രയിലും വന്‍ ജനവലിയാണുണ്ടായിരുന്നത്.

കെര്‍മാനിലെ ജനസംഖ്യ മാത്രം ഒരു ലക്ഷമാണ്. കെര്‍മാനിലെ ഭൂരിഭാഗം പേരും അന്ത്യോപചാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിനു പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയതോതില്‍ കെര്‍മാനിലേക്ക് ആളുകള്‍ എത്തപ്പെട്ടു.

അമേരിക്കയ്ക്കും ഇസ്രഈലിനും എതിരെ വന്‍ പ്രതിഷേധമാണ് ഈ ജനാവലിയില്‍ ഉയര്‍ന്നത്.
ഖാസിം സുലൈമാനിയുടെ മരണത്തിനു പിന്നാലെ മേഖലയിലുള്ള മുഴുവന്‍ യു.എസ് സൈനികരെയും തീവ്രവാദികള്‍ ആയി പ്രഖ്യാപിച്ചു കൊണ്ട് ഇറാന്‍ പാര്‍ലമെന്റില്‍ ബില്‍ പാസാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജനുവരി മൂന്നിനാണ് യു.എസ് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്.്
ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ കമാന്‍ഡറായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിനൊപ്പം ഇറാഖിലെ ഷിയ സേനയായ പി.എം.എഫ് തലവന്‍ അബു മഹ്ദി അല്‍ മുഹന്ദിസുള്‍പ്പെടെയുള്ള സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more