വയനാട് ഉരുള്‍പൊട്ടല്‍; മരണം 344, മുണ്ടക്കൈയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നു
Kerala News
വയനാട് ഉരുള്‍പൊട്ടല്‍; മരണം 344, മുണ്ടക്കൈയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd August 2024, 7:56 am
മുണ്ടക്കൈയിൽ 40 ടീമുകള്‍ ആറ് സോണുകളിലായി പരിശോധന തുടരുന്നു

മേപ്പാടി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 344 പേര്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. 200ലധികം ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇതില്‍ 29 കുട്ടികളും ഉള്‍പ്പെടുന്നു.

നിലവിലെ കണക്കുകള്‍ പ്രകാരം 146 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 105 മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 96 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

ഇന്നലെ നടത്തിയ തിരച്ചിലില്‍ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് (വെള്ളിയാഴ്ച) മുണ്ടക്കൈയില്‍ ഇന്ത്യന്‍ ആര്‍മി നിര്‍മിച്ച ബെയ്‌ലി പാലത്തിലൂടെ പുഴ കടന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാകും. 40 ടീമുകള്‍ ആറ് സോണുകളിലായാണ് പരിശോധന നടത്തുക.

അട്ടമലയും ആറൻമലയും ചേർന്ന പ്രദേശമാണ് ഒന്നാമത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തേതും പുഞ്ചിരിമട്ടം മൂന്നാമത്തെയും സോണാണ്‌. വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജി.വി.എച്ച്.എസ്.എസ് വെള്ളാർമല അഞ്ചാമത്തെ സോണുമാണ്. പുഴയുടെ അടിവാരമാണ് ആറാമത്തെ സോണിൽ ഉൾപ്പെട്ടിരിക്കുന്നത്.

സൈന്യം, നേവി, എൻ.ഡി.ആർ.എഫ്, ഡി.എസ്‌.ജി, കോസ്റ്റ് ഗാർഡ് തുടങ്ങിയ വിഭാഗങ്ങള്‍ സംയുക്തമായാണ് സോണുകളിൽ തിരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനം വകുപ്പ് ജീവനക്കാരനും ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

തിരച്ചിലിനായി ബെയ്‌ലി പാലത്തിലൂടെ യന്ത്രങ്ങളും ആംബുലന്‍സുകളും എത്തിക്കും. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ പരിധിയിലും തിരച്ചില്‍ നടക്കുമെന്നാണ് റിപ്പോർട്ട്.

വയനാട്ടിലെ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9238 ആളുകളാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രമായി ഒമ്പത് ക്യാമ്പുകളാണ് ഉള്ളത്. ഈ ക്യാമ്പുകളില്‍ 2328 പേരാണ് കഴിയുന്നത്. നിലവില്‍ ചൂരല്‍മലയില്‍ രാവിലെ മുതല്‍ കനത്ത മഴ തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകും.

Content Highlight: 316 dead in Mundakai-Churalmala landslide