അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലെ 31% എം.എല്‍.എമാര്‍ക്കെതിരെയും ക്രിമിനല്‍ കേസ്. ഇതില്‍ 13%വും ഗുരുതരമായ സ്വഭാവമുള്ള കുറ്റകൃത്യങ്ങളാണ്. എം.എല്‍.എമാരുടെ സത്യവാങ്മൂലം പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
ബി.ജെ.പിയുടെ 30 എം.എല്‍.എമാരാണ് തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലവിലുണ്ടെന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 112 എം.എല്‍.എമാരാണ് ബി.ജെ.പിക്കുള്ളത്. ഇതില്‍ 27% പേര്‍ക്കെതിരെയും കേസ് നിലവിലുണ്ട്. കോണ്‍ഗ്രസിന്റെ 42 എം.എല്‍.എമാരില്‍ 15 പേര്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലവിലുണ്ട്.
182 എം.എല്‍.എമാരാണ് ഗുജറാത്ത് നിയമസഭയിലുള്ളത്. 158 എം.എല്‍.എമാരുടെ സത്യവാങ്മൂലം പരിശോധിച്ചതിന്റെ കണക്കാണ് എ.ഡി.ആര്‍ പുറത്തുവിട്ടത്. ശേഷിക്കുന്നവര്‍ നിലവില്‍ എം.എല്‍.എമാര്‍ അല്ലാത്തവരോ അല്ലെങ്കില്‍ സത്യവാങ്മൂലം പരിശോധനയില്‍ വ്യക്തതയില്ലാത്തതോ ആണ്.
ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നവരില്‍ ഏറ്റവുമധികമുള്ളത് ബി.ജെ.പി എം.എല്‍.എമാരാണ്. 15 ബി.ജെ.പി എം.എല്‍.എമാര്‍ക്കെതിരെയാണ് ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ നാല് എം.എല്‍.എമാര്‍ക്കെതിരെയും ഇത്തരം കേസുകള്‍ നിലവിലുണ്ട്.
എം.എല്‍.എമാര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകളൊന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ കാര്യമാക്കുന്നില്ലെന്ന് എ.ഡി.ആറിന്റെ നാഷണല്‍ ഇലക്ഷന്‍ വാച്ച് തലവന്‍ മേജര്‍ ജനറല്‍ അനില്‍ വര്‍മ്മ പറഞ്ഞു. മിക്കവരും പരാതികള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് പറഞ്ഞ് തള്ളുകയാണുണ്ടായത്.