കൊച്ചി: 30,000 ഏക്കര്‍ ഭൂമി ഹാരിസണ്‍ മലയാളം കൈയടക്കി വച്ചിരിക്കുന്നത് വ്യാജ രേഖയുടെ അടിസ്ഥാനത്തിലെന്ന് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഏറണാകുളം ജില്ലാ കലക്ടര്‍ എം.ജി രാജമാണിക്യം സര്‍ക്കാറിന് സമര്‍പ്പിച്ചു. നാല് ജില്ലകളില്‍
നടത്തിയ പരിശോധനകളിലാണ് കലക്ടറുടെ ഈ കണ്ടെത്തല്‍.
എട്ട് ജില്ലകളിലായാണ് ഹാരിസണ്‍സ് മലയാളം 60,000 എക്കര്‍ഭൂമി കൈവശം വെച്ചിരിക്കുന്നത്. ഇതില്‍ നാല് ജില്ലകളില്‍ ഹാരിസണ്‍ മലയാളത്തിനുള്ള സ്ഥലങ്ങളാണ് സ്‌പെഷ്യല്‍ ഓഫീസര്‍ പരിശോധിച്ചത്. ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം എന്നീ ജില്ലകളിലാണ് രാജമാണിക്യം പരിശോധന നടത്തിയത്. തൃശൂര്‍, വയനാട്, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇനി പരിശോധന നടത്താനുള്ളത്.
എണ്ണമറ്റ രേഖകള്‍ പരിശോധിക്കുകയും ഹാരിസണ്‍സ് മലയാളത്തിന്റെ ഭാഗം കേള്‍ക്കുകയും ചെയ്തതിന് ശേഷമാണ് കലക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സ്‌പെഷ്യല്‍ ഓഫീസറായ രാജമാണിക്യത്തിന്റെ കണ്ടെത്തലുകള്‍
-പരിശോധന നടത്തിയ നാല് ജില്ലകളിലായുള്ള 30,000 എക്കര്‍ ഭൂമി സര്‍ക്കാറിന്റെതാണെന്ന് ബോധ്യമായി.
-ഹാരിസണ്‍സ് മലയാളം ഒട്ടനവധി വ്യാജരേഖകള്‍ നിര്‍മിച്ചിട്ടുണ്ട്. വിദേശ നിര്‍മിത വ്യാജ രേഖകളും ഹാരിസണ്‍സിന്റെ പക്കലുണ്ട്. വ്യാജ ക്രയവിക്രയ പട്ടയങ്ങളും രേഖകളും ഇതില്‍പ്പെടുന്നു.
-തിരുവിതാംകൂര്‍ ഭരണകാലത്ത് കൊല്ലം ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ എണ്ണപ്പെടുത്തിയ രേഖകള്‍ വരെ വ്യാജമാണ്.
-പോക്കുവരവ് രേഖകളും വ്യാജമായിരുന്നു. വ്യാജ രേഖകള്‍ പല തട്ടുകളിലായി സ്ഥാപനത്തിന്റെ പക്കലുണ്ട്.
ഭൂമി സര്‍ക്കാരിന്റേതാണോ എന്ന് പരിശോധിക്കാന്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25 ന് ഹൈക്കോടതി സര്‍ക്കാരിന് ഉത്തരവ് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കേരള ഭൂസംരക്ഷണ നിയമപ്രകാരമാണ് സ്‌പെഷല്‍ ഓഫീസറെ സര്‍ക്കാര്‍ നിയോഗിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭൂമിയേറ്റെടുക്കല്‍ നടപടി സര്‍ക്കാര്‍ ഉടന്‍ തുടങ്ങും.
ഭൂമി കൈയ്യേറ്റ കേസില്‍ ഹാരിസണിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ വിജിലന്‍സ് കഴിഞ്ഞ ഒക്ടോബറില്‍ ശുപാര്‍ശ ചെയ്‌തിരുന്നു. വിജിലന്‍സ് എസ്.പി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ശുപാര്‍ശയുണ്ടായിരുന്നത്.
ഹാരിസണിന്റെ കൈവശമുള്ള പട്ടയങ്ങള്‍ വ്യാജമാണെന്നും വ്യാപക കയ്യേറ്റങ്ങള്‍ നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സംസ്ഥാനത്ത് എട്ട് ജില്ലകളിലായി ഒരു ലക്ഷം ഏക്കറിലേറെ ഭൂമി ഹാരിസണ്‍ കയ്യേറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
വ്യാജ പ്രമാണങ്ങളുണ്ടാക്കി ഹാരിസണ്‍ ഭൂമി കൈയ്യേറുകയാണ്. വലിയ വിലയ്ക്ക് സര്‍ക്കാര്‍ വാങ്ങിയ ഭൂമിപോലും ഹാരിസണ്‍ കൈക്കലാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന്‍ നന്ദന്‍ പിള്ള സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടാണ് വിജിലന്‍സ് എസ്.പി തുടരന്വേഷണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നത്.
കമ്പനിയുടെ കൈവശമിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കമ്പനിക്ക് ഈ വര്‍ഷം ജനുവരിയില്‍ നോട്ടീസ് നല്‍കിയിരുന്നു. ഒരു മാസത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ ഭൂമി സര്‍ക്കാരിന്റെതായിരിക്കുമെന്നായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ഭൂമിയാണ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നത്.