ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ പാകിസ്താൻ ശ്രമിക്കുന്നുണ്ടെന്ന് ദല്‍ഹി പൊലീസ്. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് റിപ്പബ്ലിക് ദിനത്തിൽ നടക്കുന്ന ട്രാക്ടർ റാലിയിൽ സംഘർഷമുണ്ടാക്കാൻ പാക് ശ്രമമെന്നാണ് ദൽഹി പൊലീസ് വാദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നീക്കങ്ങൾ നടത്തുന്ന 308 പാകിസ്താൻ ട്വിറ്റര്‍ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞതായി ദല്‍ഹി പൊലീസ് അവകാശപ്പെട്ടു.
‘പാകിസ്താനിൽ നിന്നുള്ള 308 ട്വിറ്റര്‍ അക്കൗണ്ടുകള്‍ തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ട്രാക്ടര്‍ റാലിയില്‍ കുഴപ്പങ്ങൾ ഉണ്ടാക്കാനുള്ള നീക്കങ്ങൾ ഈ അക്കൗണ്ടുകളുടെ മറവിൽ നടക്കുന്നതായുള്ള വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നും മറ്റ് ഏജന്‍സികളില്‍നിന്നുമായി ലഭിച്ചിട്ടുണ്ട്’, ദല്‍ഹി പൊലീസ് ഇന്റലിജന്‍സ് വിഭാഗം കമ്മീഷണര്‍ ദേപേന്ദ്ര പതക് പറഞ്ഞു.
ജനുവരി 13നും 18നും ഇടയില്‍ പാകിസ്താനിൽ നിര്‍മിച്ച അക്കൗണ്ടുകളാണ് ഇവയെല്ലാമെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്താന്‍ പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്. നഗരത്തില്‍ ഏതാനും കിലോമീറ്ററുകള്‍ മാത്രം പ്രവേശിക്കാനാണ് അനുമതി. റിപ്പബ്ലിക് ദിന പരേഡിന് തടസമുണ്ടാക്കരുത് എന്ന കർശന നിർദേശവുമുണ്ട് കർഷകർക്ക്.
രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷം മാത്രമേ ട്രാക്ടര്‍ റാലി നടത്താന്‍ പാടുള്ളൂ തുടങ്ങിയ നിബന്ധനകളടങ്ങിയ നിര്‍ദേശങ്ങൾ ദൽഹി പൊലീസ് കര്‍ഷക സംഘടന പ്രതിനിധികള്‍ക്ക് കൈമാറിയിട്ടുണ്ട്.
റാലിയില്‍ എത്ര ട്രാക്ടറുകള്‍ അണിനിരക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ശക്തമായ പൊലീസ് സന്നാഹമാണ് ട്രാക്ടര്‍ റാലിയോടനുബന്ധിച്ച് ഒരുക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തിന് സുരക്ഷയൊരുക്കുന്ന പൊലീസുകാര്‍ തന്നെ ട്രാക്ടര്‍ റാലിക്കും സുരക്ഷ ഒരുക്കേണ്ടതുണ്ട്. അതുകൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ രണ്ട് പരിപാടികള്‍ക്കും തയ്യാറാകണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കര്‍ഷകരുമായി കേന്ദ്രം നടത്തിയ പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയമായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന കര്‍ഷക നേതാക്കളുടെ ആവശ്യം പൂര്‍ണ്ണമായി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് കേന്ദ്രം പറഞ്ഞത്.
ഏറ്റവും കുറഞ്ഞത് ഒരു പതിനെട്ട് മാസത്തേക്ക് നിയമം നടപ്പാക്കാതിരിക്കാന്‍ ഉത്തരവിടാമെന്നും നിയമം പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ കഴിയില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.
എന്നാല്‍ ഇത് അംഗീകരിക്കാന്‍ കര്‍ഷക സംഘടന നേതാക്കള്‍ തയ്യാറായില്ല. അതോടെ 11ാം ഘട്ട ചര്‍ച്ചയും തീരുമാനമാകാതെ അവസാനിപ്പിക്കുകയായിരുന്നു. അടുത്ത ഘട്ട ചര്‍ച്ചകളുടെ തീയതി നിശ്ചയിക്കാതെയാണ് കൂടിക്കാഴ്ച അവസാനിച്ചത്.
പത്താംഘട്ട ചര്‍ച്ചയില്‍ ഒന്നര വര്‍ഷത്തേക്ക് കാര്‍ഷിക നിയമം നടപ്പിലാക്കില്ലെന്നും ഒരു പ്രത്യേക കമ്മിറ്റിയെ വെച്ച് കര്‍ഷകരുടെ ആവശ്യങ്ങള്‍ പഠിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കര്‍ഷകര്‍ ഇത് നിരസിക്കുകയായിരുന്നു.