ന്യൂദല്‍ഹി: സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി ബന്ധപ്പെട്ട് 300 ദല്‍ഹി കീഴ്‌ക്കോടതി ജഡ്ജിമാര്‍ക്കെതിരെ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം. 2013 ല്‍ ദല്‍ഹി സര്‍ക്കാരും ദല്‍ഹി ഹൈക്കോടതിയും നല്‍കിയ ഫണ്ടുകള്‍ ഉപയോഗിച്ച് കമ്പ്യൂട്ടറുകളും ലാപ്പ്‌ടോപ്പും വാങ്ങിയതിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ഈ ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ മൂന്നംഗ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ചീഫ് ജസ്റ്റിസ് ചുമതല നല്‍കി. കമ്പ്യൂട്ടറുകളും ലാപ്പ്‌ടോപ്പും വാങ്ങാന്‍ അനുവദിച്ച പണം എങ്ങനെയാണ് ഓരോ ജഡ്ജിമാരും ചിലവാക്കിയതെന്ന് കണ്ടെത്താനാണ് ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി. രോഹിണി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഈ സാധനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ മൂന്നംഗ പാനല്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. കമ്പ്യൂട്ടര്‍ സൗകര്യം പരിഷ്‌കരിക്കുന്നതിനായി ഓരോ ജഡ്ജിമാര്‍ക്കും 1.1 ലക്ഷം രൂപയാണ് അനുവദിച്ചത്.
കോടതി നിരീക്ഷണത്തിലുള്ള ജഡ്ജിമാര്‍ക്ക് ഹൈക്കോടതി ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പണം ഏത് രീതിയിലാണ് ചിലവഴിച്ചത് എന്നത് സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്.
കോടതി ഉദ്യോഗസ്ഥര്‍ നടത്തിയ പതിവ് വിജിലന്‍സ് അന്വേഷണത്തിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഇക്കാര്യം ചീഫ് ജസ്റ്റിസിന്റെയും മുതിര്‍ന്ന ജഡ്ജിമാരുടെയും കമ്പ്യൂട്ടര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടവരുടെയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
വിപിന്‍ സാംഗി, രാജിവ് ശക്ധര്‍, വി.ആര്‍ റാവു എന്നിവരടങ്ങുന്ന പാനലാണ് അന്വേഷണം നടത്തുന്നത്.