ഡിസംബര്‍ 25, മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക്കായി മാറിയ മണിച്ചിത്രത്താഴ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ട് മുപ്പത് വര്‍ഷം പൂര്‍ത്തിയാകുന്നു. വര്‍ഷം മുപ്പതായിട്ടും ഇന്നും ഈ സിനിമകളിലെ സംഭാഷണങ്ങളും രംഗങ്ങളും മലയാളികളുടെ മനസിലുണ്ട്.
1993ല്‍ മലയാള സിനിമയിലോ ഇന്ത്യന്‍ സിനിമയിലോ കണ്ടിട്ടില്ലാത്ത ഒരു അസാധാരണ പ്രമേയമായിരുന്നു ഈ ചിത്രം കൈകാര്യം ചെയ്തത്. നാഗവല്ലിയും തെക്കിനിയും നാഗവല്ലിയെ പൂട്ടിയിട്ട മണിച്ചിത്രത്താഴും ഇന്നും മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവമാണ്.
1993ലായിരുന്നു മധു മുട്ടം എഴുതി ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് റിലീസാകുന്നത്. മലയാളത്തിന്റെ പ്രിയ സംവിധായകരായ സിബി മലയില്‍, പ്രിയദര്‍ശന്‍, സിദ്ദിഖ്-ലാല്‍ എന്നിവരും ആ സിനിമയുടെ ഭാഗമായിരുന്നു.
മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായി കണക്കാക്കപ്പെടുന്ന ചിത്രത്തില്‍ മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയുമായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഒപ്പം നെടുമുടി വേണു, ഇന്നസെന്റ്, കെ.പി.എ.സി ലളിത, തിലകന്‍, ശ്രീധര്‍, വിനയ പ്രസാദ്, കെ.ബി. ഗണേഷ് കുമാര്‍, സുധീഷ് തുടങ്ങിയ വന്‍താരനിരയായിരുന്നു അണിനിരന്നത്.
മലയാളത്തിലെ വന്‍വിജയത്തിന് ശേഷം മണിച്ചിത്രത്താഴ് കന്നഡ, തമിഴ്, ബംഗാളി, ഹിന്ദി എന്നീ നാല് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. കന്നഡയില്‍ ആപ്തമിത്ര എന്ന പേരിലും തമിഴില്‍ ചന്ദ്രമുഖിയെന്ന പേരിലും ബംഗാളിയില്‍ രാജ്മോല്‍ എന്ന പേരിലും ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്നീ പേരിലുമായിരുന്നു ചിത്രം റീമേക്ക് ചെയ്യപ്പെട്ടത്.
കൊല്‍ക്കത്തയില്‍ നിന്ന് പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന മാടമ്പള്ളി എന്ന തറവാട്ടിലേക്കെത്തുന്ന ഗംഗയും നകുലനും, പിന്നീട് ആ തറവാട്ടില്‍ നടക്കുന്ന ചില അസാധാരണ സംഭവങ്ങളുമായിരുന്നു സിനിമ പറഞ്ഞിരുന്നു. അതിന് ശേഷം സണ്ണിയെന്ന മോഹന്‍ലാല്‍ കഥാപാത്രമെത്തുന്നതോടെയായിരുന്ന ചിത്രം ഏറെ പ്രിയപ്പെട്ടതാകുന്നത്. ചിത്രത്തില്‍ നാഗവല്ലിയെന്ന കഥാപാത്രമായി അഭിനയിച്ച നടി ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു.
2023ല്‍ മണിച്ചിത്രത്താഴിന് മുപ്പത് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ചിത്രത്തിനുള്ള പ്രേക്ഷക സ്വീകാര്യത കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു രണ്ട് മാസം മുമ്പ് കേരളീയത്തിന്റെ ഭാഗമായി കൈരളി തിയേറ്ററില്‍ കണ്ട തിരക്ക്. ഇനി എത്രവര്‍ഷങ്ങള്‍ കടന്ന് പോയാലും മലയാളത്തില്‍ എത്ര സിനിമകള്‍ വന്നാലും മണിച്ചിത്രത്താഴ് എന്ന സിനിമയുടെ ഈ പ്രേക്ഷക സ്വീകാര്യതക്ക് കുറവുണ്ടാകില്ല.
Content Highlight: 30 years of manichithrathazhu