| Sunday, 22nd September 2024, 8:34 am

സൗഹൃദത്തിന്റെ 30 വര്‍ഷങ്ങള്‍

ഹണി ജേക്കബ്ബ്

ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ഒരു സീരീസിന്റെ അവസാനത്തെ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യുന്നു. അവിടെ കൂടിനിന്ന കാണികളെല്ലാം നിറകണ്ണുകളോടെ അത് കാണുന്നു. ഇന്നും ഇന്നലെയുമൊന്നും അല്ല 2004 ല്‍ ആണിത് നടക്കുന്നത്. പറഞ്ഞു വരുന്നത് ഫ്രണ്ട്സ് സീരീസിനെ കുറിച്ചാണ്. ഡേവിഡ് ക്രിയിനിന്റെയും മാര്‍ത്ത കാഫ്മാന്റെയും സൃഷ്ടിയായ ഫ്രണ്ട്‌സിനെ കുറിച്ച്.

1994 ല്‍ ആരംഭിച്ച് 2004 വരെ നീളുന്ന ജോയ്, ചാന്‍ഡ്‌ലര്‍, റോസ്, മോണിക്ക, റേച്ചല്‍, ഫീബി തുടങ്ങിയ ആറ് സുഹൃത്തുക്കളുടെ ജീവിതത്തിലൂടെ ആരംഭിച്ച്, അവരില്‍ അവസാനിക്കാതെ കാണികളുടെ ഇടയില്‍ ഇന്നും ജീവിക്കുന്ന സീരീസ് ആണ് ഫ്രണ്ട്സ്.

നിങ്ങള്‍ ഇപ്പോള്‍ മരിക്കാന്‍ പോകുകയാണെന്ന് കരുതുക, നിങ്ങള്‍ക്ക് അവസാനമായി ഒരു സിനിമയോ സീരീസോ കാണാന്‍ അവസരമുണ്ടെങ്കില്‍ നിങ്ങള്‍ കാണുന്നത് ഏതായിരിക്കും എന്ന ചോദ്യത്തിന് പലരുടെയും ഉത്തരം ഫ്രണ്ട്സ് ആയിരിക്കും. എന്റെയും ഉത്തരം അതുതന്നെ. കാരണം 30 മിനിറ്റുപോലും തികച്ചില്ലാത്ത ഓരോ എപ്പിസോഡും അത്രമേല്‍ സ്‌നേഹവും നര്‍മവും നിറച്ചാണ് അതിന്റെ സൃഷ്ടകര്‍ത്താക്കള്‍ കാണികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. 20ന്റെ ചുറുചുറുക്കും പ്രസരിപ്പും കാണുന്ന പ്രേക്ഷകന് ഓരോ നിമിഷവും സമ്മാനിക്കാന്‍ ഫ്രണ്ട്‌സിന് കഴിയും.

ന്യൂയോര്‍ക്ക് പോലൊരു തിരക്കുപിടിച്ച നഗരത്തില്‍ തിരക്കുപിടിച്ച ജീവിതം നയിക്കുന്ന ആറ് സുഹൃത്തുക്കള്‍, അവരുടെ ജീവിതത്തില്‍ നടക്കുന്ന അത്ര സംഭവബഹുലമല്ലാത്ത, എന്നാല്‍ രസച്ചരട് പൊട്ടിക്കാത്ത 236 എപ്പിസോഡുകളിലൂടെ സീരീസ് നമ്മളെ മുന്നോട്ട് കൊണ്ട് പോകുന്നു.

ഡേവിഡും മാര്‍ത്തയും ചേര്‍ന്ന് 1993ല്‍ ആണ് ഫ്രണ്ട്‌സിനെ ഉണ്ടാക്കിയെടുത്തത്. വെറും മൂന്ന് ദിവസംകൊണ്ടാണ് ഇരുവരും ആദ്യത്തെ എപ്പിസോഡ് എഴുതിത്തീര്‍ത്തത്. വിശ്വസിച്ചാലും ഇല്ലെങ്കിലും, 14 എഴുത്തുകാര്‍ പല എപ്പിസോഡിന് വേണ്ടി എഴുതിയാണ് ഫ്രണ്ട്‌സിനെ പത്ത് വര്‍ഷം മുന്നോട്ട് നയിച്ചത്. 1994 സെപ്റ്റംബര്‍ 22നാണ് ആദ്യത്തെ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നത്. ആദ്യ എപ്പിഡോഡുകളിലൂടെ തന്നെ വലിയ രീതിയിലുള്ള ഫാന്‍ ബേസ് ഉണ്ടാക്കിയെടുക്കുവാന്‍ സീരീസിനായി. തുടര്‍ന്ന് ഓരോ എപ്പിസോഡും കാണുവാനായി അക്ഷമരായി ഇരിക്കുന്ന പ്രേക്ഷകരെ ഫ്രണ്ട്‌സിന് ലഭിച്ചു.

നെറ്റ്ഫ്‌ലിക്‌സില്‍ അമേരിക്കയിലെ ടോപ് ടെന്‍ വാച്ച് ലിസ്റ്റ് എടുത്ത് നോക്കിക്കഴിഞ്ഞാല്‍ അതിലൊന്ന് ഈ 2024 ലും ഫ്രണ്ട്സ് ആയിരിക്കും. റേച്ചലിന്റെയും മോണിക്കയുടെയും 20ാം നമ്പര്‍ ഫ്‌ലാറ്റാണ് കൂടുതല്‍ നേരവും പ്രേക്ഷകര്‍ കാണുന്നത്. അതിനകത്തു നടക്കുന്നതും അവര്‍ ആറു പേര്‍ക്കിടയില്‍ നടക്കുന്നതുമായ കുഞ്ഞു കുഞ്ഞു കാര്യങ്ങളിലെ വലിയ രസം പ്രേക്ഷകന് ആസ്വദിക്കുവാന്‍ കഴിയും.

റോസിന്റെയും റേച്ചലിന്റെയും ചാന്‍ഡ്‌ലറിന്റെയും മോണിക്കയുടെയും പ്രണയവും ജോയിയുടെ പ്രണയാന്വേഷണങ്ങളും ഫീബിയുടെ മൈക്കിളുമെല്ലാം ഫ്രണ്ട്‌സിനുള്ളിലെ പ്രേമത്തെ കാണിക്കുന്നു. ഇതില്‍ എടുത്ത് പറയേണ്ടത് ചാന്‍ഡ്‌ലറിനെയും മോണിക്കയേയുമാണ്. ‘ഹി ഈസ് ഹെര്‍ ലോബ്സ്റ്റര്‍’ എന്ന് ഫീബി ഇരുവരെയും നോക്കി പറയുന്നത് പോലെ കാണുന്നവനും അവരുടെ പ്രണയത്തിന്റെ ആര്‍ദ്രത മനസിലാകും. പല പ്രണയിതാക്കളുടെയും റോള്‍ മോഡലും ‘മോന്‍ഡ്‌ലര്‍’ ആണ്.

ഒരു സീരീസ് എന്നതിനപ്പുറം ഒരു സംസ്‌കാരത്തെത്തന്നെ സ്വാധീനിക്കുവാന്‍ ഫ്രണ്ട്‌സിന് കഴിഞ്ഞിട്ടുണ്ട്. സെന്‍ട്രല്‍ പാര്‍ക്ക് എന്ന കോഫി ഷോപ്പിലാണ് ആ ആറംഗസംഘം പലപ്പോഴും ഒത്തുകൂടുന്നത്. അമേരിക്കയില്‍ ഈ സീരീസിന് ശേഷം കോഫീ ഷോപ്പുകളില്‍ ആളുകള്‍ കൂടുന്നത് പതിവായിരുന്നു. അതുപോലെ തന്നെ ജെന്നിഫര്‍ ആനിസ്റ്റണ്‍ അവതരിപ്പിച്ച റേച്ചല്‍ ഗ്രീന്‍ എന്ന കഥാപാത്രത്തിന്റെ ആദ്യ സീസണിലെ ഹെയര്‍ സ്‌റ്റൈല്‍ പിന്നീട് റേച്ചല്‍ ഹെയര്‍ സ്‌റ്റൈല്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. 2010 ലെ റിപ്പോര്‍ട്ട് അനുസരിച്ച് ബ്രിട്ടനില്‍ മാത്രം 11 മില്യണ്‍ സ്ത്രീകളാണ് റേച്ചല്‍ സ്‌റ്റൈലില്‍ മുടി വെട്ടിയത്.

Years ago when I was backpacking through western Europe I was just outside Barcelona hiking in the foothills of Mount Tibidabo.. എന്ന് പറയുന്ന ഡയലോഗ് തന്നെ പഞ്ചാരയടിക്കാനായി പലരും ഉപയോച്ചിച്ച് തുടങ്ങി. ഹൗ യു ഡൂയിങ് എന്ന ജോയിയുടെ ഡയലോഗും പില്‍കാലത്ത് ട്രെന്‍ഡായി മാറിയിരുന്നു. ‘ഐ ആം ചാന്‍ഡ്‌ലര്‍, ഐ മേക്ക് ജോക്ക്‌സ് വെന്‍ ഐ ആം അണ്‍കംഫര്‍ട്ടബിള്‍’ എന്ന വരിയും ഹിറ്റായിരുന്നു. സര്‍കാസത്തിന്റെ ഐക്കണ്‍ ആയി മാറാന്‍ ചാന്‍ഡ്‌ലര്‍ എന്ന കഥാപാത്രത്തിനും അതിലൂടെ മാത്യു പെറിക്കും കഴിഞ്ഞു.

30 വര്‍ഷത്തിന് ഇപ്പുറം ഫ്രണ്ട്‌സിലേക്ക് തിരിഞ്ഞു നോക്കിക്കഴിഞ്ഞാല്‍ അന്നുണ്ടായിരുന്ന പലരും ഇന്നില്ല. അതില്‍ ഏറ്റവും വേദനയുള്ള നഷ്ടമാണ് ചാന്‍ഡ്‌ലര്‍ ബിങ് എന്ന മാത്യു പെറിയുടെ.

ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്ത് 30 വര്‍ഷത്തിന് ശേഷവും ഫ്രണ്ട്സ് ഔട്ട് ഡേറ്റഡ് ആകുന്നില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഫ്രണ്ട്സ് ഓവര്‍ റേറ്റഡ് ആണ്, പറയുന്ന അത്രയൊന്നും ഇല്ല എന്നൊക്കെ വേണമെങ്കില്‍ വാദിക്കാം. എന്നാല്‍ ഇനിയൊരു 30 കൊല്ലം കഴിഞ്ഞാലും ഫ്രണ്ട്‌സിന്റെ പുതുമ നഷ്ടപ്പെടുന്നില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം.

Content  Highlight: 30 years Of Friends Series

ഹണി ജേക്കബ്ബ്

ഡൂള്‍ന്യൂസില്‍ ട്രെയിനി സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം

We use cookies to give you the best possible experience. Learn more