| Sunday, 28th May 2023, 7:00 pm

മണിപ്പൂര്‍ സംഘര്‍ഷം; 30 പേരെ വധിച്ചെന്ന് എന്‍.ബിരേന്‍ സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ 30 തീവ്രവാദികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചതായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ്. സാധാരണക്കാര്‍ക്കെതിരെ അധ്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച തീവ്രവാദികളെയാണ് വധിച്ചതെന്ന് അദ്ദേഹം എ.എന്‍.ഐയോട് പറഞ്ഞു. വിവിധ മേഖലകളിലായി നടന്ന ഓപ്പറേഷനിലൂടെയാണ് തീവ്രവാദികളെ വധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘സംസ്ഥാനത്തെ സാധാരണക്കാര്‍ക്കെതിരെ ആയുധങ്ങള്‍ ഉപയോഗിച്ച തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ നടത്തിയ ഓപ്പറേഷനില്‍ വിവിധ മേഖലകളില്‍ 30 പേരെ വധിച്ചു. കുറച്ച് പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്,’ അദ്ദേഹം എ.എന്‍.ഐയോട് പറഞ്ഞു.

മണിപ്പൂരിലെ വിവിധയിടങ്ങളില്‍ സായുധദാരികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടിയതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ഏറ്റുമുട്ടല്‍ എതിരാളികള്‍ തമ്മിലല്ലെന്നും കുകി തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലാണെന്നും ബിരേന്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കഴിഞ്ഞദിവസം മണിപ്പൂരിലെ ഗതാഗത മന്ത്രി കൊന്തൗജം ഗോവിന്ദാസിന്റെ വീട് ഒരു സംഘം ആളുകള്‍ തകര്‍ത്തിരുന്നു. പ്രദേശവാസികളെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് വീട് തകര്‍ത്തതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ബി.ജെ.പി എം.എല്‍.എ ഖൈ്വറക്പം രഘുമണിയുടെ വീടുകളും തകര്‍ക്കപ്പെട്ടു. രണ്ട് വാഹനങ്ങള്‍ തീവെക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ പി.ടി.ഐയോട് പറഞ്ഞു.

ഇതിനിടെ മെയ് 29ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂര്‍ സന്ദര്‍ശിക്കും. സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുമെന്ന് അമിത് ഷാ പറഞ്ഞു.

മെയ്തി സമുദായം ഗോത്രവര്‍ഗ പദവി ആവശ്യപ്പെട്ടതിനെതിരെ കുകി വിഭാഗം മാര്‍ച്ച് നടത്തിയതോടെയായിരുന്നു മണിപ്പൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തില്‍ 70ലേറെ ആളുകള്‍ മരണപ്പെട്ടു. 230ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Contenthighlight: 30 Terrorist killed in operation in manipur

We use cookies to give you the best possible experience. Learn more