ബ്രസല്‍സ്: ജോലിക്കിടെ കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തില്‍ 2022ല്‍ 30 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. ദ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉള്ളത്.
കഴിഞ്ഞ വര്‍ഷം 47 മാധ്യമപ്രവര്‍ത്തകരാണ് ജോലിക്കിടയില്‍ കൊല്ലപ്പെട്ടതെങ്കില്‍ ഈ വര്‍ഷം അത് 67ലേക്ക് എത്തിയിരിക്കുകയാണ്. ഉക്രൈന്‍-റഷ്യ സംഘര്‍ഷവും യുദ്ധവും, മെക്സിക്കോയിലെ ക്രിമിനല്‍ സംഘങ്ങളുടെ വളര്‍ച്ച, ഹെയ്തിയില്‍ ഭരണസ്തംഭനം എന്നിവയെ തുടര്‍ന്നാണ് ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്.
പാകിസ്ഥാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളും അഞ്ച് മാധ്യമപ്രവര്‍ത്തകരുടെ മരണത്തിന് ഇടയാക്കിയിട്ടുണ്ട്. കൊളംബിയയിലും ഫിലിപ്പീന്‍സിലും മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ഭീഷണികള്‍ തുടരുമെന്നും ഐ.എഫ്.ജെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
375ഓളം മാധ്യമപ്രവര്‍ത്തകര്‍ വിവിധ രാജ്യങ്ങളിലായി തടവിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ചൈന, മ്യാന്‍മര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ തടവില്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം 365 പേരായിരുന്നു ജയിലിലടക്കപ്പെട്ടിരുന്നത്.
ചെയ്യുന്ന ജോലിയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാരുകള്‍ മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ രംഗത്തു വരണമെന്നും ഐ.എഫ്.ജെ ആവശ്യപ്പെട്ടിട്ടുണ്ട്.
‘ഇപ്പോള്‍ നടപടിയെടുത്തില്ലെങ്കില്‍ വാര്‍ത്തകളുടെ സ്വതന്ത്രമായ ഒഴുക്കിനെ അടിച്ചമര്‍ത്താന്‍ ആഗ്രഹിക്കുന്നവരെയാണ് അത് ശക്തിപ്പെടുത്തുക. സ്വതന്ത്രവും ഇന്‍ക്ലൂസിവുമായ ഒരു സമൂഹത്തെ കെട്ടിപ്പെടുക്കുന്നതിന് തടസം നില്‍ക്കുന്നവരെയാണ് ഇത് സഹായിക്കുക. അതേസമയം നേതാക്കന്മാരെ ചോദ്യം ചെയ്യാനുള്ള ജനങ്ങളുടെ അധികാരത്തെയും അവകാശത്തെയും ദുര്‍ബലപ്പെടുത്തുകയും ചെയ്യും,’ ഐ.എഫ്.ജെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
140 രാജ്യങ്ങളിലെ വിവിധ ട്രേഡ് യൂണിയനുകളില്‍ നിന്നും അസോസിയേഷനുകളില്‍ നിന്നുമുള്ള
6,00,000 മാധ്യമപ്രവര്‍ത്തകരടങ്ങിയ സംഘടനയാണ് ഐ.എഫ്.ജെ.
Content Highlight: 30% spike in number of journalists killed doing their work in 2022 over previous year