ഹൈദരാബാദ്: തെലങ്കാനയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 30 മരണം. ഭൂരിഭാഗം പ്രദേശങ്ങളിലും റോഡുകളെല്ലാം പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിനടിയിലാണ്.
ഹൈദരാബാദില്‍ മാത്രം 15 മരണം റിപ്പോര്‍ട്ട് ചെയ്തു. രണ്ട് മാസം പ്രായമായ കുഞ്ഞും വെള്ളപ്പൊക്കത്തില്‍ മരിച്ചു. ഹൗസിങ്ങ് കോളനിയിലെ മതില്‍ തകര്‍ന്ന് വീണാണ് 9 പേര്‍ മരിച്ചത്. ഹൈദരാബാദില്‍ അഞ്ചില്‍ അധികം ആളുകളെ കാണാനില്ല. പൊലീസും ഫയര്‍ഫോഴ്‌സും ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. നഗരത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
ബുധനാഴ്ച രാത്രിയാണ് നഗരത്തില്‍ കനത്ത മഴ ആരംഭിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ റോഡിലും കെട്ടിടങ്ങളിലും വെള്ളം കയറുകയായിരുന്നു.
ആന്ധ്രാപ്രദേശിലും കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവുമായി സംസാരിച്ചു.
സംസ്ഥാനങ്ങള്‍ക്ക് പ്രളയ സഹായം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും കാര്യങ്ങള്‍ കേന്ദ്രം നിരീക്ഷിച്ച് വരികയാണെന്നും ഇരു സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും അമിത് ഷാ അറിയിച്ചു.
കേരളത്തിലും ഇന്ന് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തെലങ്കാനയ്ക്ക് മുകളിലുള്ള തീവ്രന്യൂനമര്‍ദ്ദം ഇന്ന് കൂടുതല്‍ ദുര്‍ബലമാകും. വൈകിട്ടോടെ മുംബൈ തീരം വഴി ന്യൂനമര്‍ദ്ദം അറബിക്കടലില്‍ പ്രവേശിക്കും. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദേശം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: 30 Rain-Related Deaths In Telangana, Including 15 In Hyderabad