അട്ടപ്പാടിയില്‍ കുട്ടികളടക്കം 30 പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്; രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല
Heavy Rain
അട്ടപ്പാടിയില്‍ കുട്ടികളടക്കം 30 പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്; രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th August 2019, 11:05 am

അട്ടപ്പാടിയിലെ മുച്ചിക്കടവില്‍ എട്ട് കുട്ടികളടക്കം 30 പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഊരുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് എത്താനാകുന്നില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഗര്‍ഭിണിയടക്കം ചികിത്സാ സഹായം ആവശ്യമുള്ള ആറുപേരെ നാട്ടുകാര്‍ വനത്തിലൂടെ പുറത്തെത്തിച്ചു.

എട്ട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി ആറ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ കാലവര്‍ഷക്കെടുതി അവലോകന യോഗം നടക്കും. കാഞ്ഞങ്ങാട് താലൂക്കോഫീസിലാണ് യോഗം ചേരുക.

ബാണാസുര സാഗര്‍ അണക്കെട്ട് ഇന്ന് വൈകിട്ട് മൂന്നുമണിക്കു തുറക്കുമെന്നു നേരത്തേ ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഒരു സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളം എന്ന നിലയിലാണു തുറക്കുക. ജില്ലാ കളക്ടറാണ് ഫേസ്ബുക്ക് വഴി ഇക്കാര്യം അറിയിച്ചത്.

കര്‍ണാടകത്തിലെ കബനി അണക്കെട്ടില്‍ നിന്ന് പരമാവധി വെള്ളം തുറന്നുവി

ടുന്നുണ്ടെന്നും കഴിഞ്ഞ പ്രളയകാലത്ത് തുറന്നുവിട്ടതിനേക്കാള്‍ അധികജലം ഇത്തവണ അവിടെനിന്നും തുറന്നുവിടുന്നുണ്ടെന്നും പോസറ്റില്‍ പറയുന്നു.

അണക്കെട്ട് തുറക്കേണ്ട സാഹചര്യമാണുള്ളതെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കര്‍ണാടകത്തില്‍ നിന്നു വലിയ തോതില്‍ വെള്ളം വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഴക്കെടുതി നേരിടുന്ന വയനാട് ജില്ലയിലെ ദുരിതം വിലയിരുത്താന്‍ രാഹുല്‍ ഗാന്ധി എം.പി നാളെ ജില്ലയിലെത്തുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. നാളെ വൈകീട്ട് രാഹുല്‍ കോഴിക്കോടെത്തും.

പ്രളയദുരിതം നേരിടുന്ന മലപ്പുറം, വയനാട് ജില്ലകള്‍ രാഹുല്‍ സന്ദര്‍ശിക്കും. കരിപ്പൂരില്‍ ഞായറാഴ്ച വൈകുന്നേരം വിമാനമിറങ്ങുന്ന രാഹുല്‍ മലപ്പുറം കളക്ട്രേറ്റില്‍ നടക്കുന്ന പ്രളയ അവലോകന യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് തിങ്കളാഴ്ചയാകും വയനാട്ടിലെത്തുക.