ന്യൂദല്‍ഹി : കേരളത്തില്‍ നിന്നും നിരവധി പേര്‍ ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ന്നുവെന്നതിനെ സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ തേടുന്ന ഐ.എസ് തീവ്രവാദികളുടെ പട്ടികയില്‍ 30 മലയാളികളുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഇതില്‍ 18 പേര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു കഴിഞ്ഞു.
അടുത്ത കാലത്തായി നൂറു കണക്കിന് മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്നതായി മറ്റു ചില അന്വേഷണ ഏജന്‍സികളും നേരത്തേ വ്യക്തമാക്കിയിരുന്നു. വാട്ട്സ് ആപ്പ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകളില്‍ നിന്നും മറ്റു സോഷ്യല്‍ മീഡിയകളില്‍ നിന്നുമായി 300 ലധികം വോയിസ് ക്ലിപ്പുകളും സന്ദേശങ്ങളുമടങ്ങുന്ന തെളിവുകള്‍ ലഭിച്ചതായും ഇവര്‍ വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ സ്ത്രീകളും കുട്ടികളുമടക്കമുള്ള 21 പേര്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്നതായി മുമ്പ് എന്‍.ഐ.എയും ആരോപിച്ചിരുന്നു.