| Thursday, 23rd May 2024, 2:00 pm

കോടതി ഇടപെട്ടു; ഒടുവില്‍ ബുള്‍ഡോസര്‍ രാജിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കി അസം സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: കോടതി ഇടപെടലിനെ തുടര്‍ന്ന് ബുള്‍ഡോസര്‍ രാജിന് ഇരയായ ആറ് കുടുംബങ്ങള്‍ക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി അസം സര്‍ക്കാര്‍. നഷ്ടപരിഹാരം നല്‍കിയെന്ന് അസം സര്‍ക്കാര്‍ ഗുവാഹത്തി ഹൈക്കോടതിയെ അറിയിച്ചു.

2022ല്‍ നാഗോണ്‍ ജില്ലയില്‍ പൊലീസ് സ്റ്റേഷന്‍ കത്തിച്ച സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു ആറ് കുടുംബങ്ങളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. വീടുകള്‍ പൊളിക്കുന്നതിന് മുമ്പ് താമസക്കാര്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് നല്‍കാനും അധികാരികള്‍ തയ്യാറായിരുന്നില്ല.

ഈ സംഭവത്തിലാണ് ഇപ്പോള്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് തമസക്കാര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത്. നാഗോണ്‍ പൊലീസിന്റെ നേതൃത്വത്തില്‍ ആറ് കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കിയതായി കോടതിയെ അറിയിച്ചു.

മീന്‍ വില്‍പ്പനക്കാരനായ സഫികുല്‍ ഇസ്‌ലാം എന്നയാള്‍ കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്നാണ് 2022 മെയ് 21ന് ബട്ടദ്രാവ പൊലീസ് സ്റ്റേഷന് ഒരു സംഘം തീവെച്ചത്. ഇതിന് പിന്നാലെ അക്രമികളാണെന്ന് ആരോപിച്ച് ആറ് പേരുടെ വീടുകള്‍ പൊലീസ് യാതൊരു മുന്നറിയിപ്പും നല്‍കാതെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു.

എന്നാല്‍ വീടുകള്‍ നിയമവിരുദ്ധമായി നിര്‍മിച്ചതാണെന്നാണ് പൊളിക്കലിനെ ന്യായീകരിച്ച് പൊലീസ് അന്ന് പറഞ്ഞത്.

കഴിഞ്ഞ വര്‍ഷമാണ് കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്‍.എം. ഛായ ഉത്തരവിട്ടത്. പൊലീസ് സൂപ്രണ്ടിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച കോടതി അന്വേഷണത്തിന്റെ പേരില്‍ അനുമതിയില്ലാതെ ആരുടെയും വീടുകള്‍ തകര്‍ക്കാന്‍ പൊലീസിന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി.

വീടുകള്‍ തകര്‍ക്കുന്നതിന് മുന്‍കൈ എടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. നാലാഴ്ചക്കകം ഇതില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദേശം.

Content Highlight: 30 lakh compensation paid to 6 families for demolition of houses: Assam govt

We use cookies to give you the best possible experience. Learn more