ലഖ്നൗ: കുംഭമേളക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് 30 പേര്‍ മരിച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. മരണപ്പെട്ടവരില്‍ 25 പേരെ തിരിച്ചറിഞ്ഞു. 60ലധികം ആളുകള്‍ക്ക് കുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് പരിക്കും സംഭവിച്ചിട്ടുണ്ട്. തിരിച്ചറിഞ്ഞവരുടെ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല.
മൗനി അമാവാസി ദിനത്തില്‍ പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്യാന്‍ ആളുകള്‍ തടിച്ചുകൂടിയതോടെയാണ് അപകടം ഉണ്ടായത്. ബാരിക്കേഡ് തകര്‍ന്നത് അപകടത്തിന് കാരണമായെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
സ്ത്രീകള്‍ ഉള്‍പ്പെടെയാണ് അപകടത്തില്‍പ്പെട്ടത്. നിലവില്‍ ത്രിവേണി ഘട്ടില്‍ സ്‌നാനം പുനരാരംഭിച്ചു. ഇന്ന് (ബുധന്‍) ത്രിവേണി ഘട്ടിലേക്ക് വി.ഐ.പിയ്ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
അപകടത്തെ തുടര്‍ന്ന്, കുംഭമേളക്ക് എത്തിയ വി.ഐ.പികളിലേക്ക് സുരക്ഷാ സന്നാഹം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് വലിയ ദുരന്തത്തിന് കാരണമായതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് വി.ഐ.പികള്‍ക്കുള്ള പ്രവേശനം യു.പി സര്‍ക്കാര്‍ ഇന്ന് തടസപ്പെടുത്തിയത്.
കുംഭമേളക്കെത്തുന്നവര്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടുന്നതിനായി 1920 ഹെല്‍പ്പ്‌ലൈന്‍ നമ്പറും യു.പി സര്‍ക്കാര്‍ സ്ഥാപിച്ചു.
അപകടത്തിന് പിന്നാലെ കുംഭമേളയിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ യു.പി സര്‍ക്കാരിന് പാളിച്ച പറ്റിയതായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഉള്‍പ്പെടെ വിമര്‍ശിച്ചു. എന്നാല്‍ കണക്ക് കൂട്ടിയതിലും അധികം ആളുകള്‍ എത്തിയതാണ് അപകടത്തിന് കാരണമായതെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു.
മൗനി അമാവാസി ദിനത്തില്‍ 10 കോടിയിലധികം ഭക്തര്‍ പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഗംഗയില്‍ പുണ്യസ്‌നാനം ചെയ്യാന്‍ ഭക്തര്‍ക്ക് ഏറ്റവും അനുകൂലമായ ദിവസമായാണ് മൗനി അമാവാസി അറിയപ്പെടുന്നത്.
ഗംഗ, യമുന, സരസ്വതി എന്നിവയുടെ സംഗമസ്ഥാനമായത്രിവേണി സംഗമം പവിത്രമായി കണക്കാക്കുന്നു. മഹാകുംഭസമയത്തും പ്രത്യേകിച്ച് മൗനി അമാവാസി പോലുള്ള പ്രത്യേക സ്‌നാന തീയതികളിലും അതില്‍ മുങ്ങിക്കുളിക്കുന്നത് ആളുകളുടെ പാപങ്ങളെ കഴുകി മോക്ഷം പ്രദാനം ചെയ്യുമെന്നുമാണ് വിശ്വസിക്കുന്നത്.
Content Highlight: 30 killed in Kumb Mela 2025; The UP government released the official figures