കോഴിക്കോട്: ലോക്ക് ഡൗണ്‍ കാലത്ത് ഇരുട്ടിന്റെ മറവില്‍ പുറത്തിറങ്ങി ആളുകളെ ഭയപ്പെടുത്തുന്ന ബ്ലാക്ക്മാന്‍മാര്‍ക്ക് പിന്നില്‍ മോഷ്ടാക്കളുടേയും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരുടേയും വലിയ സംഘമെന്ന് പൊലീസ്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം കോഴിക്കോട് നഗരപരിധിയില്‍ നിന്ന് 30 പേരെയാണ് ഇത്തരത്തില്‍ പിടികൂടിയതെന്ന് പന്തീരങ്കാവ് പൊലീസ് പറഞ്ഞു. പന്തീരങ്കാവില്‍ നിന്ന് പിടിയിലായ യുവാവിന്റെ മുറിയില്‍ നിന്ന് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും കണ്ടെത്തിയതായും പൊലീസ് പറയുന്നു.
ഏപ്രില്‍ 14നു പാലാഴി ജംഗ്ഷനില്‍ നിന്ന് പിടിയിലായ യുവാവിന്റെ വാടക വീട്ടിലെ മുറിയില്‍ നിന്നു കറുത്ത കോട്ടും മുഖംമൂടിയും ലഭിച്ചു. രാത്രി ഇതുമിട്ടു പുറത്തിറങ്ങി നാട്ടുകാരെ പേടിപ്പിക്കാറുണ്ടെന്ന് ഇയാള്‍ തന്നെ സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
ബേപ്പൂര്‍,മാറാട്,പന്തീരങ്കാവ്, നല്ലളം, കസബ സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് 30 പേരെ പൊലീസ് പിടികൂടിയത്. ഇവര്‍ സ്ഥിരമായി കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറയുന്നു.
പിടിയിലാകുമ്പോള്‍ എല്ലാവരും കറുത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ബേപ്പൂരില്‍ അര്‍ധരാത്രി മാരകായുധങ്ങളുമായി കറങ്ങിനടന്ന യുവാവ് പിടിയിലായത് കഴിഞ്ഞ ദിവസമാണ്. മോഷണമായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു.
മോഷണശ്രമം മാത്രമല്ല ഒളിഞ്ഞുനോട്ടവും വീടുകള്‍ക്ക് നേരെ കല്ലേറും ജനലുകളിലും അടുക്കളവാതിലിലും മുട്ടി ഓടിമറയുന്നവരുമെല്ലാം ഇക്കൂട്ടത്തിലുണ്ടെന്നാണ് പൊലീസ് പറയുന്നത്.
മൂന്നാഴ്ച മുന്‍പാണ് നഗരത്തില്‍ പലയിടത്തും അജ്ഞാതരൂപങ്ങളെ കണ്ടെന്നുള്ള പ്രചാരണം തുടങ്ങിയത്. ഒരേ സമയത്ത് പല സ്ഥലങ്ങളില്‍ കണ്ടതിനാല്‍ ഒന്നിലേറെ ആളുകളുണ്ടെന്ന നിഗമനത്തില്‍ നാട്ടുകാരുമെത്തി.
ഇതോടെ നാട്ടുകാര്‍ രാത്രി ഉറക്കമൊഴിച്ചു കാവല്‍ നിന്നതോടെ ലോക്ക് ഡൗണ്‍ ലംഘിച്ചതിന്റെ പേരില്‍ നാട്ടുകാര്‍ക്കെതിരെയും പൊലീസിന് നടപടിയെടുക്കേണ്ടി വന്നു. തുടര്‍ന്ന് വ്യാപക പരാതികള്‍ ലഭിച്ചതോടെയാണ് പൊലീസ് പരിശോധന കര്‍ശനമാക്കിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.