ജംഷഡ്പൂര്‍: അമ്മയ്‌ക്കൊപ്പം റെയില്‍വേസ്റ്റഷനില്‍ ഉറങ്ങുകയായിരുന്ന മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തി. ജംഷഡ്പൂരിലെ ടാറ്റാനഗര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം.
കഴിഞ്ഞയാഴ്ചയാണ് കുഞ്ഞിനെ കാണാതായത്. ഇന്നലെയാണ് തലയറുക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. സി.സി ടിവി ദൃശ്യങ്ങള്‍ ലഭിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ പ്രതി പൊലീസ് പിടിയിലായി.
അമ്മയ്‌ക്കൊപ്പം റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ പ്രതി എടുക്കുകയും സാവാധാനത്തില്‍ നടന്നുപോകുന്നതും സിസി ടിവിയില്‍ കാണുന്നുണ്ട്. ചൊവ്വാഴ്ചയാണ് കുഞ്ഞിന്റെ മൃതദേഹം ടെല്‍കോ പൊലീസ് സ്റ്റേഷന് സമീപത്തായി കണ്ടെത്തുന്നത്.
താനാണ് മൃതദേഹം അവിടെ കൊണ്ടിട്ടതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ തലയറുത്തത് താനല്ലെന്നും കൊലപ്പെടുത്തിയതില്‍ മാത്രമേ പങ്കുള്ളൂവെന്നാണ് പ്രതി പറഞ്ഞതെന്നും പൊലീസ് പറഞ്ഞു. കുഞ്ഞിനെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിന് കൈമാറാനായിരുന്നു പദ്ധതിയെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
പോസ്റ്റുമോര്‍ട്ടത്തിനയച്ച കുഞ്ഞിന്റെ മൃതദേഹത്തില്‍ നിരവധി മുറിപ്പാടുകള്‍ ഉണ്ടായിരുന്നു. കുഞ്ഞ് ലൈംഗികാതിക്രമത്തിന് വിധേയമായതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.
കസ്റ്റഡിയിലുള്ള റിങ്കുവെന്ന പ്രതി നേരത്തെ തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം തുടങ്ങിയ കേസില്‍ പിടിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ച ആളാണ്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ഇയാള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ഗിരിദ് ജില്ലിലെ ഹവില്‍ദാറായിരുന്ന വ്യക്തിയുടെ മകനാണ് ഇയാള്‍.
2015 ഏപ്രില്‍ 9 ന് ജെംകോ ആസാദ്ബസ്തി മേഖലയില്‍ നിന്നും ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ ഇയാള്‍ അനുഭവിച്ചിരുന്നു. 2018 മാര്‍ച്ചിലാണ് ഇയാളുടെ ശിക്ഷാ കാലാവധി അവസാനിച്ചത്.