ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പോഷക പദ്ധതിക്കു (പോഷന്‍ അഭിയാന്) കീഴിലുള്ള ഫണ്ടിന്റെ പാതി പോലും ഉപയോഗിക്കാതെ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍. 2017-ല്‍ തുടങ്ങിയ പദ്ധതിയായിട്ടും മിസോറം, ലക്ഷദ്വീപ്, ഹിമാചല്‍ പ്രദേശ്, ബിഹാര്‍ എന്നിവരല്ലാതെ ആരും തന്നെ പാതി പോലും ഫണ്ട് ഉപയോഗിച്ചിട്ടില്ലെന്നാണ് പാര്‍ലമെന്റില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്നു വ്യക്തമാകുന്നത്.
കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ്, ഭാരക്കുറവ്, വിളര്‍ച്ച തുടങ്ങിയ 2022-ഓടെ കുറയ്ക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണു മൂന്നുവര്‍ഷം മുന്‍പ് പദ്ധതി ആരംഭിച്ചത്. 10 കോടി പേര്‍ക്കു ഗുണകരമാകുമെന്നായിരുന്നു ആദ്യ കണക്കുകൂട്ടലുകള്‍. ഇതിനായി 9,046.17 കോടി രൂപയാണു മൂന്നുവര്‍ഷത്തേക്ക് ഉദ്ദേശിച്ചിരുന്നത്.
ഫണ്ടിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനങ്ങളും എന്നായിരുന്നു കണക്കാക്കിയിരുന്നത്. അതേസമയം വടക്കുകിഴക്കന്‍, ഹിമാലയന്‍ സംസ്ഥാനങ്ങളുടെ ഫണ്ടില്‍ 90 ശതമാനം കേന്ദ്രവും 10 ശതമാനം സംസ്ഥാനങ്ങളും എന്നുമാണു തീരുമാനിച്ചിരുന്നത്. കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുള്ള ഫണ്ട് പൂര്‍ണമായും കേന്ദ്രമാണു നല്‍കുന്നത്.
ഇതുപ്രകാരം കേന്ദ്രം ആകെ നല്‍കുക 2,849.54 കോടിയാണ്. ബാക്കി ലോകബാങ്കില്‍ നിന്നാണ്.
മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ ഫണ്ട് ഉപയോഗിച്ചിരിക്കുന്നത് മിസോറമാണ്. അതും 65.12 ശതമാനം. ബിഹാര്‍ 55.17 ശതമാനം ഉപയോഗിച്ചപ്പോള്‍, ഹിമാചല്‍ പ്രദേശ് 53.29 ശതമാനവും മേഘാലയ 48.37 ശതമാനവും ഉപയോഗിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കേരളമാകട്ടെ, 8.75 ശതമാനം മാത്രമാണ് ഉപയോഗിച്ചത്. കര്‍ണാടകം 0.74 ശതമാനം മാത്രവും. ഏറ്റവും കുറവ് പഞ്ചാബാണ്, 0.45 ശതമാനം. ഏറ്റവും കുറവ് ഫണ്ട് ഉപയോഗിച്ചവരുടെ പട്ടികയില്‍ പഞ്ചാബിനും കര്‍ണാടകത്തിനും പിറകില്‍ കേരളം മൂന്നാമതാണ്.
2019 ഒക്ടോബര്‍ 31 വരെയുള്ള കണക്കനുസരിച്ച് 1,283.89 കോടി രൂപ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. അതായത്, അനുവദിച്ച തുകയില്‍ 29.97 ശതമാനം.
2019-20 സാമ്പത്തിവര്ഷത്തിലേക്കായി 19 സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് നല്‍കിയിരുന്നു. ഇതില്‍ 12 സംസ്ഥാനങ്ങളും അതിനു മുന്‍പുള്ള രണ്ടു വര്‍ഷങ്ങളില്‍ മൂന്നില്‍ ഒരു ശതമാനം പോലും ഫണ്ട് ഉപയോഗിച്ചിട്ടില്ല.
രാജ്യത്ത് അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള 35 ശതമാനം കുട്ടികളും വളര്‍ച്ചാ മുരടിപ്പ് നേരിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.