| Friday, 8th November 2019, 9:46 pm

'നോട്ടുനിരോധനം കൊണ്ട് മാന്ദ്യമുണ്ടായി'; സമ്മതിച്ച് 66 ശതമാനം പേര്‍; നിരോധനത്തെ അനുകൂലിക്കുന്നത് 28 ശതമാനം മാത്രമെന്ന് സര്‍വേഫലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നോട്ടുനിരോധനം കൊണ്ട് സമ്പദ്‌വ്യവസ്ഥയിലും തൊഴിലിലും മാന്ദ്യമുണ്ടായതായി സര്‍വേ ഫലം. 66 ശതമാനം പേരാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടതെന്ന് ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വേ പറയുന്നു. 28 ശതമാനം പേര്‍ മാത്രമാണ് നോട്ടുനിരോധനത്തെ അനുകൂലിച്ചത്.

സാമ്പത്തികപ്രതിസന്ധിക്കു കാരണം നോട്ടുനിരോധനമാണെന്നു വിശ്വസിക്കുന്നത് 33 ശതമാനം പേരാണെന്നും ലോക്കല്‍ സര്‍ക്കിള്‍സിന്റെ സര്‍വേ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

നോട്ടുനിരോധനം പ്രഖ്യാപിക്കുന്ന സമയം വരെ സമ്പദ്‌വ്യവസ്ഥ വളര്‍ച്ചയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ നോട്ടുനിരോധനം പ്രഖ്യാപിച്ച് രണ്ടു പാദങ്ങള്‍ക്കു ശേഷം സമ്പദ്‌വ്യവസ്ഥ തകരാന്‍ തുടങ്ങി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2017-18 കാലത്ത് കുറച്ചൊക്കെ സമ്പദ്‌വ്യവസ്ഥ ഭേദപ്പെടാന്‍ തുടങ്ങിയെങ്കിലും വീണ്ടും തകര്‍ന്നു. ജി.ഡി.പി നിരക്കാവട്ടെ, തുടര്‍ച്ചയായ അഞ്ചു പാദങ്ങളായി തകര്‍ച്ചയിലാണെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

അസംഘടിത മേഖലയിലാണ് ഏറ്റവും കൂടുതല്‍ നോട്ടുനിരോധനം ബാധിച്ചതെന്നും അതുവഴി തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചെന്നും 32 ശതമാനം പേര്‍ വിശ്വസിക്കുന്നു. ഗ്രാമങ്ങളെയാണ് ഏറ്റവുമധികം ഈ തീരുമാനം ബാധിച്ചതെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.

നികുതിവെട്ടിപ്പ് കുറഞ്ഞതാണ് ഏറ്റവും വലിയ ഗുണമായി 42 ശതമാനം പേര്‍ നോക്കിക്കാണുന്നത്.

നോട്ടുനിരോധനത്തിന്റെ മൂന്നാം വാര്‍ഷികമായ വെള്ളിയാഴ്ച ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒരു ഹാഷ്ടാഗ് രൂപപ്പെട്ടിരുന്നു. ‘മോദീ വന്ന് നിയമത്തെ നേരിടൂ’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഒട്ടേറെപ്പേരാണ് ട്വീറ്റ് ചെയ്യുന്നത്.

2016 നവംബര്‍ എട്ടിന് നോട്ടു നിരോധിച്ചതിന് തൊട്ടുപിന്നാലെ മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ ചേര്‍ത്താണ് ട്വീറ്റുകളേറെയും. സാധാരണക്കാരായ ജനങ്ങള്‍ നോട്ട് നിരോധിച്ച അന്നുമുതല്‍ മൂന്നുവര്‍ഷം കഴിഞ്ഞിട്ടും നേരിടുന്ന പ്രതിസന്ധികളെ വിവരിക്കുന്ന ട്വീറ്റുകളുമുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നോട്ട് നിരോധിച്ച് 50 ദിവസങ്ങള്‍ക്കുള്ളില്‍ സാമ്പത്തിക രംഗം പൂര്‍വാവസ്ഥയിലായില്ലെങ്കില്‍ രാജ്യത്തിന്റെ ഏത് കോണിലുമെത്തി ജനം നല്‍കുന്ന ശിക്ഷ ഏറ്റുവാങ്ങാന്‍ താന്‍ തയ്യാറാണെന്നായിരുന്നു മോദി അന്ന് പ്രസംഗത്തില്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more