ന്യൂദല്‍ഹി: ജാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനനത്തിന് അനുമതി നല്‍കിയതില്‍ അഴിമതി നടന്നെന്ന കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായിക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. വാജ്‌പേയി മന്ത്രിസഭയില്‍ കല്‍ക്കരി വകുപ്പ് സഹമന്ത്രിയായിരുന്നു അദ്ദേഹം.
199ല്‍ കല്‍ക്കരിപ്പാടം അനുവദിക്കുന്നതില്‍ അഴിമതിയും ക്രിമിനല്‍ ഗൂഢാലോചനയും നടത്തിയെന്നാണ് കേസ്. ദിലീപ് റായ്ക്ക് പുറമെ മറ്റു രണ്ട് മുന്‍ ഉദ്യോഗസ്ഥര്‍ക്കും സി.ബി.ഐ കോടതി മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.
കേസില്‍ ശിക്ഷ വിധിച്ച എല്ലാവര്‍ക്കും സി.ബി.ഐ കോടതി 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കേസില്‍ ജാമ്യ ഹരജി നല്‍കുമെന്ന് ദിലീപ് റായിയുടെ അഭിഭാഷകന്‍ അറിയിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യസഭാംഗമായിരുന്ന ദിലീപ് റായി ബി.ജെ.ഡി എന്‍.ഡി.എക്കൊപ്പമുണ്ടായിരുന്ന കാലത്താണ് കേന്ദ്ര സഹമന്ത്രിയാകുന്നത്. എന്നാല്‍ ബി.ജെ.ഡി 2002ല്‍ ദിലീപിനെ പുറത്താക്കിയിരുന്നു. പാര്‍ട്ടിയുടെ ടിക്കറ്റ് നിഷേധിച്ച് രണ്ടാം തവണ രാജ്യസഭയിലേക്ക് സ്വതന്ത്രനായി മത്സരിച്ചതിനെ തുടര്‍ന്നാണ് ദിലീപ് റായിയെ പുറത്താക്കിയത്.
സംസ്ഥാന മന്ത്രിസഭയിലേക്ക് ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി മൂന്ന് തവണ മത്സരിച്ചു. എന്നാല്‍ 2009ല്‍ ബി.ജെ.പിയില്‍ ചേരുകയായിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് അന്വേഷണം നേരിട്ട് തുടങ്ങിയതിനെ തുടര്‍ന്ന് 2018ല്‍ ബി.ജെ.പിയില്‍ നിന്നും രാജിവെച്ചു. നിലവില്‍ രാഷ്ട്രീയത്തില്‍ സജീവമല്ല ഇദ്ദേഹം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക