| Sunday, 29th July 2018, 9:34 am

ജീവിതത്തിനും മണ്ണിടിച്ചിലിനുമിടയില്‍ ഇവര്‍ക്ക് ഉറക്കമില്ലാത്ത മൂന്ന് മഴവര്‍ഷങ്ങള്‍

അന്ന കീർത്തി ജോർജ്

മണ്ണിടിച്ചില്‍ ഭീഷണിയിലാണ് വയനാടിലെ ചോയ്മൂല ഗ്രാമത്തിലെ നാല് കുടുംബങ്ങള്‍. മൂന്ന് വര്‍ഷമായി മണ്ണിടിച്ചിലിന്റെ ദുരിതം അനുഭവിക്കുന്ന ഈ കുടുംബങ്ങളുടെ അവസ്ഥ കാലവര്‍ഷം കനത്തതോടെ കൂടുതല്‍ പരിതാപകരമായിരിക്കുകയാണ്.

മാനന്തവാടി നഗരസഭാ ഡിവിഷനിലെ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ചോയ്മൂലയിലെ ചെറുകുന്നത്ത് ദിലീപ്, അമ്പലത്തുംകണ്ടി പ്രദീപന്‍, കേളോത്ത് നവാസ്, മാട്ടുമ്മല്‍ ആസ്യ എന്നിവരുടെ വീടുകളാണ് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലെത്തി നില്‍ക്കുന്നത്. ദിലീപ്, പ്രദീപന്‍ എന്നിവരുടെ വീടുകളാണ് വര്‍ഷങ്ങളായി ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കേണ്ടി വരുന്നത്.

വീടിന്റെ പിന്‍വശത്തെ ചുമരിനോട് ചേര്‍ന്ന് ഇടിഞ്ഞുവന്ന മണ്ണ് കുന്നുകൂടി കിടക്കുകയാണ്. ഇരു വീടുകളുടെയും പല ചുമരുകളും ശുചിമുറിയും തകര്‍ന്നു. പ്രദീപന്റെ വീട്ടിലെ കിണര്‍ ഇടിഞ്ഞമര്‍ന്നു. വീട് പൂര്‍ണ്ണമായി തകരുമെന്ന പേടിയുള്ളതിനാല്‍ അയല്‍വീടുകളിലും ബന്ധുവീടുകളിലുമാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്.

“കഴിഞ്ഞ വര്‍ഷം വീട്ടില്‍ അടിഞ്ഞുകൂടിയ മണ്ണ് മാറ്റാന്‍ മാത്രം 60,000 രൂപ ചിലവായി. വീട് നന്നാക്കാന്‍ വേറെയും. കടം വാങ്ങിയാണ് അത് ചെയ്തത്. ഈ വര്‍ഷം അതിനേക്കാളേറെ വേണ്ടിവരും.” ദിലീപ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. സര്‍ക്കാരില്‍ നിന്നും ആയിരം രൂപ മാത്രമായിരുന്നു ധനസഹായം ലഭിച്ചതെന്നും ദിലീപ് അറിയിച്ചു.

ദിവസവേതനക്കാരായ ഇവര്‍ക്ക് വര്‍ഷാവര്‍ഷം ഭീമമായ തുകയാണ് വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ചിലവഴിക്കേണ്ടി വരുന്നത്. ഇതേ തുടര്‍ന്ന് മിക്കവരും കടബാധ്യതയിലാണ്.

“കഷ്ടപ്പെട്ട അധ്വാനിച്ചാണ് ഒരു വീട് കെട്ടിപ്പൊക്കിയത്. അത് നഷ്ടപ്പെട്ടാല്‍ കൂടെ മരിക്കുകയല്ലാതെ വേറെ മാര്‍ഗമില്ല.” പ്രദീപന്‍ പറഞ്ഞു.

പല തവണ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും ആപത്ത് സൃഷ്ടിക്കുന്ന പ്രദേശത്തെ മണ്ണിടിച്ചില്‍ തടയാനോ ദുരന്തത്തിന് ഇരയായവര്‍ക്ക് ആവശ്യമായ ധനസഹായം നല്‍കാനോ സര്‍ക്കാരും അധികൃതരും തയ്യാറായിട്ടില്ല.

അഞ്ച് സെന്റില്‍ നില്‍ക്കുന്ന വീടല്ലാതെ മറ്റു സമ്പാദ്യങ്ങളില്ലാത്ത തങ്ങളെ സംബന്ധിച്ചിച്ചോളം കിടപ്പാടം നഷ്ടപ്പെട്ടാല്‍ എല്ലാം നഷ്ടപ്പെട്ടതിനു തുല്യമാണെന്നും ഇവര്‍ പറഞ്ഞു. അയ്യായിരമോ പതിനായിരമോ നല്‍കി വാടകക്ക് മാറിതാമസിക്കാനുള്ള സാമ്പത്തിക സ്ഥിതിയിലല്ല തങ്ങളെന്നും പ്രദീപ് കൂട്ടിച്ചേര്‍ത്തു.

നാല് കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മണ്ണിടിച്ചിലിന് ശാശ്വതമായ പരിഹാരമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ആവശ്യമായ ഉയരത്തില്‍ ഉറപ്പുള്ള ഭിത്തി നിര്‍മ്മിച്ചാല്‍ മണ്ണിടിച്ചല്‍ ഒരു പരിധി വരെ തടയാനാകുമെന്ന് പ്രദേശവാസികള്‍ അവകാശപ്പെടുന്നു. ആദ്യ അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കാനെങ്കിലും തയ്യാറാകണമെന്നും ആവശ്യപ്പെടുന്നു.

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.