2014 ഡിസംബര്‍ 16നാണ് പെഷവാറിലെ സൈനിക സ്‌കൂളിനുനേരെ താലിബാന്‍ ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 152 വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനുശേഷം പാകിസ്ഥാനിലെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.
സ്‌കൂളുകള്‍ക്കുള്ള സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി വിദ്യാര്‍ത്ഥികളുടെ ശൈത്യകാല അവധി നീട്ടിനല്‍കുകയായിരുന്നു.
സുരക്ഷയ്ക്കായി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ ഉള്‍പ്പെടുത്തി കമ്മ്യൂണിറ്റി പോലീസിനു രൂപം നല്‍കിയിട്ടുണ്ട്. കൂടാതെ പ്രദേശത്തെ വിരമിച്ച തൊഴിലാളികളെ സര്‍ക്കാര്‍ സ്‌കൂള്‍ ഗാര്‍ഡുകളായും നിയമിച്ചിട്ടുണ്ട്.
സ്‌കൂള്‍ സമയത്ത് അധികൃതരുടെ അനുവാദമില്ലാതെ ആരെയും ഉള്ളിലേക്കു പ്രവേശിപ്പിക്കില്ല. എല്ലാ സ്വകാര്യ സ്‌കൂളുകളിലും രണ്ട് സുരക്ഷാ ഗാര്‍ഡുകളെ നിയമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവരെക്കൂടാതെ സ്‌കൂള്‍ ബസിലും വാനുകളിലും രണ്ടു സുരക്ഷാ സൈനികരെ വീതം നിയമിക്കാന്‍ ഉത്തരവിട്ടുണ്ട്.
സ്‌കൂള്‍ അതിര്‍ത്തിയില്‍ കമ്പി വേലികള്‍ കെട്ടാനും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കൂളിലെ എല്ലാ ഗാര്‍ഡുകള്‍ക്കും സര്‍ക്കാര്‍ ആയുധങ്ങള്‍ വിതരണം ചെയ്യും.
സര്‍ക്കാറിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്‌കൂളുകളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കും. അതേസമയം, സുരക്ഷാ മാനദണ്ഡങ്ങള്‍ ഒരുക്കാത്ത സ്‌കൂളുകള്‍ ജനുവരി 12 നു തുറക്കില്ല.