ഐ.പി.എല്‍ 2025ന്റെ താരലേലത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ടീമുകള്‍ക്ക് എത്ര താരങ്ങളെ വരെ നിലനിര്‍ത്താന്‍ സാധിക്കും എന്ന കാര്യത്തില്‍ ഇനിയും തീരുമാനമാകാത്ത സാഹചര്യത്തില്‍ ടീമുകള്‍ക്ക് ആരെയെല്ലാം സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
റീറ്റെന്‍ഷനില്‍ ഏതെല്ലാം താരങ്ങളെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയേക്കുമെന്ന ചര്‍ച്ചകളും സജീവമാണ്. സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, യശസ്വി ജെയ്‌സ്വാള്‍, റിയാന്‍ പരാഗ് തുടങ്ങി ടീം നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങളുടെ ലിസ്റ്റ് നീളുകയാണ്.
വെറ്ററന്‍ ഓള്‍ റൗണ്ടര്‍ ആര്‍. അശ്വിനോട് ടീം ഗുഡ് ബൈ പറയാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അങ്ങനെയെങ്കില്‍ അശ്വിനെ ഏത് ടീം സ്വന്തമാക്കുമെന്ന ചര്‍ച്ചയും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ഐ.പി.എല്ലില്‍ 212 മത്സരം കളിച്ച താരം 700+ റണ്‍സും 180 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. അശ്വിന്റെ ഈ അനുഭവ സമ്പത്ത് തന്നെയാണ് ഓരോ ടീമും ലക്ഷ്യമിടുന്നതും. ഐ.പി.എല്‍ 2025 മുമ്പ് അശ്വിന്‍ ടീം വിടുകയാണെങ്കില്‍ താരത്തെ സ്വന്തമാക്കാന്‍ സാധ്യത കല്‍പിക്കുന്ന ടീമുകളെ പരിശോധിക്കാം.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
അടുത്ത സീസണ് മുന്നോടിയായി കെ.എല്‍. രാഹുല്‍ ടീം വിട്ടേക്കുമെന്ന കാര്യം ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഒരു പ്ലെയര്‍ എന്ന നിലയില്‍ മാത്രമല്ല, ക്യാപ്റ്റന്‍ എന്ന നിലയിലും അശ്വിനെ ഉപയോഗപ്പെടുത്താന്‍ ടീമിന് സാധിച്ചേക്കും. കഴിഞ്ഞ ടി.എന്‍.പി.എല്ലില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനെ കിരീടമണിയിച്ചതും താരത്തിന്റെ പോര്‍ട്‌ഫോളിയോക്ക് മാറ്റ് കൂട്ടുന്നു.
കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത എല്‍.എസ്.ജിക്ക് മുമ്പില്‍ അശ്വിന്‍ ഒരു മികച്ച ഓപ്ഷന്‍ തന്നെയാണ്. രവി ബിഷ്‌ണോയ്, ക്രുണാല്‍ പാണ്ഡ്യ, അമിത് മിശ്ര തുടങ്ങിയ മികച്ച സ്പിന്നര്‍മാര്‍ ടീമിനൊപ്പമുണ്ടെങ്കിലും അശ്വിനെ പോലെ ഒരു മാസ്റ്റര്‍ ടാക്ടീഷ്യന്റെ അഭാവം ടീമിലുണ്ട്. അടുത്ത സീസണ് മുന്നോടിയായി ടീം അമിത് മിശ്രയെ ഒഴിവാക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ അശ്വിന്റെ സാധ്യതകളുമേറും.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
ഏഴ് വര്‍ഷം ഒപ്പമുണ്ടായിരുന്ന യൂസ്വേന്ദ്ര ചഹലിനെ 2022 സീസണിന് മുന്നോടിയായി വിട്ടുകളഞ്ഞ തീരുമാനം ടീമിന് വമ്പന്‍ തിരിച്ചടിയായിരുന്നു നല്‍കിയത്. ഒട്ടും കെട്ടുറപ്പില്ലാതിരുന്ന സ്പിന്‍ നിരയുടെ അവസ്ഥ കൂടുതല്‍ പരിതാപകരമായി. ഈ സ്ഥാനത്തേക്കാണ് ആര്‍.സി.ബി അശ്വിനെ പരിഗണിക്കുന്നത്.
ഒരുവശത്ത് നിന്ന് ബാറ്റര്‍മാര്‍ റണ്ണടിച്ചുകൂട്ടുമ്പോഴും മറുവശത്ത് റണ്‍സ് വഴങ്ങാന്‍ മത്സരിക്കുന്ന ബൗളര്‍മാരാണ് ആര്‍.സി.ബിയിലെ പ്രധാന കാഴ്ച. ഇത് മറികടക്കാനാണ് ടീം ഏറെ നാളുകളായി ശ്രമിക്കുന്നത്. ബൗളര്‍മാര്‍ ഒട്ടും സേഫല്ലാത്ത ചിന്നസ്വാമി പോലെ ഒരു സ്‌റ്റേഡിയത്തില്‍ അശ്വിന്റെ എക്‌സ്പീരിയന്‍സാകും കളി തിരിക്കുക.
ചെന്നൈ സൂപ്പര്‍ കിങ്‌സ്
ഹോം കമിങ് അല്ലെങ്കില്‍ സ്വന്തം തട്ടകത്തിലേക്കുള്ള മടങ്ങി വരവ് എന്ന വാക്കായിരിക്കും അശ്വിന്‍ മടങ്ങി വരികയാണെങ്കില്‍ ഏറ്റവുമധികം ചേരുന്നത്. 2008 മുതല്‍ 2015 വരെ ടീമിന്റെ ഭാഗമായ താരം ചെന്നൈയിലേക്ക് മടങ്ങി വരുമെന്ന് കരുതാനുള്ള കാരണങ്ങളുമേറെയാണ്.
കഴിഞ്ഞ മാസം ചെന്നൈ സൂപ്പര്‍ കിങ്‌സ് അക്കാദമിയിലെ യുവതാരങ്ങള്‍ക്കൊപ്പം അശ്വിന്‍ സമയം ചെലവിടുകയും അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിന് പുറമെ ജൂണില്‍ സി.എസ്.കെയുടെ പുതിയ ഉദ്യമമായ ടി.എന്‍.സി.എ ഫസ്റ്റ് ഡിവിഷനിന്റെ ഭാഗമായ താരം ഇന്ത്യ സിമന്റ്‌സിന് വേണ്ടി കളിക്കുകയും ചെയ്യും.
സി.എസ്.കെക്കൊപ്പം 79 മത്സരം കളിച്ച അശ്വിന്‍ 6.39 എക്കോണമിയില്‍ 90 വിക്കറ്റും നേടിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ആശ്വിനെ സ്വന്തമാക്കുമോ എന്നതും കണ്ടറിയണം.
Content Highlight: 3 Teams that may target R Ashwin at the IPL 2025 mega auction