| Wednesday, 18th April 2018, 7:50 pm

വരാപ്പുഴ കസ്റ്റഡി മരണം: കുറ്റാരോപിതരായ 3 പൊലീസുകാരെ അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ മൂന്ന് പൊലീസുകാരെ അറസ്റ്റ് ചെയ്തു. സുമേഷ്, സന്തോഷ്, ജിതിന്‍രാജ് എന്നീ മൂന്ന് ആര്‍.ടി.എഫ് ഉദ്യോഗസ്ഥരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വോഡിലുള്ളവരാണ് അറസ്റ്റിലായവര്‍.

സംഭവത്തില്‍ റിമാന്‍ഡിലായിരുന്ന ഒന്‍പത് പ്രതികളെയും കസ്റ്റഡിയില്‍ വിട്ടിരുന്നു. മരിച്ച ശ്രീജിത്തിനൊപ്പമുണ്ടായിരുന്ന നാല് പ്രതികള്‍ പൊലീസ് മര്‍ദ്ദിച്ച കാര്യം കോടതിയെ അറിയിച്ചിരുന്നു. ശ്രീജിത്തിനൊപ്പം വരാപ്പുഴ സ്റ്റേഷനിലുണ്ടായിരുന്ന ഇവരുടെ മൊഴി നിര്‍ണായകമാവും.


Read | ഹരിയാനയിലെ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിന് വിലക്ക്


അതേസമയം, ശ്രീജിത്തിന്റെ മരണം ഉരുട്ടിക്കൊലയാണെന്ന സംശയം ബലപ്പെട്ടതിന് പിന്നാലെ അന്വേഷണ സംഘം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. അഞ്ച് ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ശ്രീജിത്തിനെ ആളുമാറിയാണ് അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ദിവസം എന്തൊക്കെ സംഭവിച്ചെന്ന കാര്യത്തില്‍ വ്യത്യസ്ത മൊഴികളാണ് പൊലീസിന്റെ പക്കലുള്ളത്. ചിലര്‍ പലപ്പോഴും മൊഴിമാറ്റുന്നുമുണ്ട്. പൊലീസും വീട്ടുകാരും ദൃക്‌സാക്ഷികളും പറയുന്ന മൊഴികളില്‍ വൈരുദ്ധ്യമുണ്ട്.


Read | പുറത്താക്കിയതിനു പിന്നാലെ ഉപദേശകയിനത്തില്‍ ലഭിച്ച 2 രൂപ 50 പൈസ കേന്ദ്രസര്‍ക്കാരിനു തിരിച്ചു നല്‍കി രാഘവ് ഛന്ദ


സംഭവത്തില്‍ ബന്ധപ്പെട്ട മിക്കവരെയും പൊലീസ് ചോദ്യം ചെയ്തു കഴിഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്ത് പോവാതിരിക്കാന്‍ ജാഗ്രത വേണമെന്ന് അന്വേഷണ സംഘത്തിലുള്ളവര്‍ക്ക് നിര്‍ദ്ദേശമുണ്ട്.

We use cookies to give you the best possible experience. Learn more