ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി വിട്ടുനില്‍ക്കുമെന്ന് കഴിഞ്ഞ ദിവസം ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് വിരാട് ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാതിരിക്കുന്നത് എന്നും താരത്തിന്റെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും അപെക്‌സ് ബോര്‍ഡ് അറിയിച്ചിരുന്നു.
വിരാടിന് പകരക്കാരന്‍ ആരാകണമെന്ന ചര്‍ച്ചകളാണ് ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമാകുന്നത്. ഇതില്‍ ഏറിയ പങ്കും ആഗ്രഹിക്കുന്നത് സ്റ്റാര്‍ ബാറ്ററും ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുമായ ചേതേശ്വര്‍ പൂജാര വിരാടിന് പകരക്കാരനായി ടീമിലെത്തണമെന്നാണ്. ഈയിടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 20,000 റണ്‍സ് പൂര്‍ത്തീകരിച്ച പൂജാര തന്നെയാണ് മികച്ച റീപ്ലേസ്‌മെന്റ് എന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
നിലവില്‍ ടീമില്‍ ഇടം നേടാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള താരമാണ് പൂജാര. അതിന് അടിസ്ഥാനമായ മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം.
ഏത് മോശം സാഹചര്യത്തിലും ഇന്ത്യന്‍ പിച്ചില്‍ മികച്ച പ്രകടനം നടത്താന്‍ തനിക്ക് സാധിക്കുമെന്ന് പൂജാര പലപ്പോഴായി തെളിയിച്ചതാണ്. ഇപ്പോള്‍ ഫസ്റ്റ് ക്ലാസില്‍ പൂര്‍ത്തിയാക്കിയ 20,000 റണ്‍സും ഇക്കാര്യം അടിവരയിടുന്നു.
ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ 20,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത് മാത്രം ഇന്ത്യന്‍ ബാറ്ററാണ് പൂജാര. സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങള്‍.
സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ തന്റെ ക്രിക്കറ്റ് എക്‌സ്പീരിയന്‍സിലൂടെ ഇന്ത്യക്ക് തുണയാകുമെന്നതിനാല്‍ വിരാടിന് പകരക്കാരനാകാന്‍ പൂജാരയോളം പോന്ന മറ്റൊരാള്‍ ഇല്ല എന്ന് തന്നെ പറയാം.
എക്‌സ്പീരിയന്‍സ്
വിരാടിന്റെ അഭാവത്തില്‍ ഇന്ത്യക്ക് ഏറ്റവുമധികം ആശ്രയിക്കാന്‍ സാധിക്കുന്നത് പൂജാരയുടെ അനുഭവ സമ്പത്ത് തന്നെയായിരിക്കും. ഇന്ത്യയില്‍ മാത്രമല്ല, കൗണ്ടി ക്രിക്കറ്റിലും കളിച്ചും കളി പഠിച്ചും തന്റെ ക്രിക്കറ്റിങ് സ്‌കില്ലുകളെ രാകി മിനുക്കിയ താരമാണ് പൂജാര.
ഗില്ലും ജെയ്‌സ്വാളും രാഹുലും അടങ്ങുന്ന മികച്ച താരനിര ഇന്ത്യക്കുണ്ടെങ്കിലും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇവര്‍ക്ക് ഒട്ടും അനുഭവ സമ്പത്തില്ല. യുവതാരം ജെയ്‌സ്വാള്‍ കരിയറിലെ ആദ്യ ഹോം സീരീസ് കളിക്കാനാണ് ഇറങ്ങുന്നത്.
ഇന്ത്യക്കായി 100+ ടെസ്റ്റ് മത്സരം കളിച്ച വളരെ ചുരുക്കം പേരില്‍ ഒരാളാണ് പൂജാര. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയോ വെറ്ററന്‍ സൂപ്പര്‍ താരം ആര്‍. അശ്വിനോ പോലും നൂറ് മത്സരം കളിച്ചിട്ടില്ല എന്ന സാഹചര്യത്തില്‍ അനുഭവ സമ്പത്ത് എന്ന ഘടകം സെലക്ടര്‍മാര്‍ പരിഗണിച്ചേക്കും.
കഴിഞ്ഞ കുറച്ച് കാലമായി ചേതേശ്വര്‍ പൂജാര ഇന്ത്യന്‍ റെഡ് ബോള്‍ ടീമിലെ സ്ഥിരം സാന്നിധ്യമല്ല. ഇടയ്ക്ക് മാത്രം ടീമിലെത്തിയും പിന്നീട് സ്‌ക്വാഡില്‍ നിന്ന് തന്നെ അപ്രത്യക്ഷനാവുകയും ചെയ്യുകയാണെങ്കിലും ഒരിക്കലും തോല്‍ക്കാന്‍ പൂജാര തയ്യാറായിരുന്നില്ല.
ഐ.പി.എല്‍ ഉപേക്ഷിച്ച് കൗണ്ടി കളിക്കാന്‍ തീരുമാനിച്ചതും ഇപ്പോഴും രഞ്ജിയില്‍ തിളങ്ങുന്നതും ഇതേ പാഷന്‍ ഒന്നുകൊണ്ടുതന്നെയാണ്.
രഞ്ജി ട്രോഫിയില്‍ ഈ സീസണില്‍ മികച്ച ഫോമിലാണ് പൂജാര ബാറ്റ് വീശുന്നത്. ആദ്യ മത്സരത്തില്‍ 356 പന്ത് നേരിട്ട് പുറത്താകാതെ 243 റണ്‍സ് നേടിയതും രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതുമെല്ലാം താരത്തിന്റെ മികച്ച ഫോം അടിവരയിട്ടുറപ്പിക്കുന്നതാണ്.
ജനുവരി 25നാണ് പരമ്പരയിലെ ആദ്യ മത്സരം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.