കട്ടക്ക്: ഒന്നിലധികം കൂട്ടബലാത്സംഗങ്ങളെ അതിജീവിച്ച 19 കാരിയായ കോളേജ് വിദ്യാർത്ഥിനിയുടെ പരാതി സ്വീകരിക്കാൻ ഒഡീഷയിലെ കട്ടക്കിലെ മൂന്ന് പൊലീസ് സ്റ്റേഷനുകൾ വിസമ്മതിച്ചതായി കോൺഗ്രസ് ആരോപിച്ചു.
യുവതിയോട് ഒരു പൊലീസ് സ്റ്റേഷനിൽ നിന്ന് മറ്റൊരു സ്റ്റേഷനിലേക്ക് പോയി പരാതി നൽകാൻ ആവശ്യപ്പെട്ടതിന് പൊലീസിനെതിരെ അന്വേഷണം വേണമെന്ന് കോൺഗ്രസിൻ്റെ കട്ടക്ക്-ബരാബതി എം.എൽ.എ സോഫിയ ഫിർദൗസ് ആവശ്യപ്പെട്ടു. ബദാംബാഡി പൊലീസ് സ്‌റ്റേഷൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് യുവതി പുരി ഘട്ട് പൊലീസ് സ്‌റ്റേഷനിലേക്കും പിന്നീട് സദർ പൊലീസ് സ്‌റ്റേഷനിലേക്കും തുടർന്ന് ബരാംഗിലേക്കും പോയിരുന്നു.
‘പ്രതികൾക്കെതിരെ ഇരയായ യുവതി എഫ്.ഐ.ആർ ഫയൽ ചെയ്യാൻ പോയപ്പോൾ, കട്ടക്കിലെ മൂന്ന് പൊലീസ് സ്റ്റേഷനുകൾ അത് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചു. അതിനാൽ, ആദ്യം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാൻ ഞാൻ ഡി.ജി.പിയോട് ആവശ്യപ്പെട്ടു.
ഈ കാലതാമസം ഭയാനകമാണ്, ഇത് നിയമ നിർവ്വഹണ ഏജൻസികളുടെ പ്രതികരണത്തെക്കുറിച്ച് ഗൗരവമായ ആശങ്ക ഉയർത്തുന്നു, പ്രത്യേകിച്ചും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ,’ സോഫിയ ഫിർദൗസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് കട്ടക്ക് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡി.സി.പി) ജഗ്‌മോഹൻ മീണ മാധ്യമങ്ങളോട് പറഞ്ഞു. ‘പൊലീസ് കേസെടുത്തില്ല എന്ന ആരോപണത്തെ കുറിച്ച് ആദ്യം എം.എൽ.എയിൽ നിന്നാണ് ഞങ്ങൾ അറിഞ്ഞത്. പൊലീസ് ഇക്കാര്യം തീർച്ചയായും അന്വേഷിക്കും. എന്നാൽ ഇരയോ ഇരയുടെ കുടുംബത്തിൽ നിന്നുള്ളവരോ അങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടില്ല,’ അദ്ദേഹം പറഞ്ഞു.
ദസറ സമയത്ത് തൻ്റെ ജന്മദിനം ആഘോഷിക്കാൻ കാമുകനൊപ്പം പുരി ഘട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കഫേയിൽ പോയതായിരുന്നു പെൺകുട്ടി. എന്നാൽ, കഫേ ഉടമയുടെ സഹായത്തോടെ കാമുകൻ അവരുടെ ചില സ്വകാര്യ നിമിഷങ്ങൾ ഫോണിൽ ചിത്രീകരിച്ചു.
ആ വീഡിയോ ഉപയോഗിച്ച് കാമുകനും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യുകയും ഒന്നിലധികം തവണ ബലാത്സംഗം ചെയ്യുകയും ചെയ്തു.
യുവതിയെ ഒന്നിലധികം തവണ കൂട്ടബലാത്സംഗം ചെയ്തതിനും ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയതിനും കാമുകൻ ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
Content Highlight: 3 police stations refused to take complaint of Cuttack gang rape survivor Congress