| Wednesday, 3rd July 2024, 9:43 am

കളിച്ച് കപ്പുയര്‍ത്തിയ പത്താനും, രണ്ട് തവണയും കളത്തിലിറങ്ങാതെ കിരീടമണിഞ്ഞ സഞ്ജുവും; ആദ്യ തവണ തന്നെ ഐ.പി.എല്ലും ലോകകപ്പും ജയിച്ചവര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിനൊപ്പം തന്നെ ക്രിക്കറ്റ് ലോകത്ത് ഐ.പി.എല്ലും പ്രധാന ടൂര്‍ണമെന്റായി ഇടം നേടിയിട്ട് കാലമേറെയായി. 2008ല്‍ ആദ്യ എഡിഷന്‍ ആരംഭിക്കുമ്പോള്‍ ഐ.സി.സിയുടെ ക്രിക്കറ്റ് കലണ്ടറിനെ പോലും സ്വാധീനിക്കാന്‍ കെല്‍പുള്ള ടൂര്‍ണമെന്റായി ഐ.പി.എല്‍ വളരുമെന്ന് ആരും കരുതിയിരുന്നില്ല.

ടി-20 ലോകകപ്പിനൊപ്പം ഐ.പി.എല്‍ കിരീടവും സ്വന്തമാക്കണെമെന്നാണ് പല താരങ്ങളും ആഗ്രഹിക്കുന്നത്, എന്നാല്‍ ഈ നേട്ടത്തിലെത്താന്‍ മിക്ക സൂപ്പര്‍ താരങ്ങള്‍ക്കും സാധിച്ചിട്ടില്ല.

എന്നാല്‍ തങ്ങളുടെ ആദ്യ ലോകകപ്പില്‍ തന്നെ ലോക കിരീടവും ആദ്യ ഐ.പി.എല്‍ സീസണില്‍ തന്നെ ഐ.പി.എല്‍ ട്രോഫിയും സ്വന്തമാക്കിയാലോ! അതൊരു ഐതിഹാസിക നേട്ടം തന്നെയായിരിക്കും. പലരും രണ്ട് കീരിടങ്ങളും സ്വന്തമാക്കിയെങ്കിലും ആദ്യ ശ്രമത്തില്‍ തന്നെ രണ്ട് ടൂര്‍ണമെന്റും വിജയിക്കാന്‍ പലര്‍ക്കും സാധിച്ചിട്ടില്ല.

എം.എസ്. ധോണി 2007ല്‍, ആദ്യ ശ്രമത്തില്‍ തന്നെ ലോകകപ്പുയര്‍ത്തിയെങ്കിലും ഐ.പി.എല്‍ കിരീടം നേടാന്‍ സാധിച്ചിരുന്നില്ല. ആദ്യ സീസണില്‍ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെടുകയായിരുന്നു. തന്റെ മൂന്നാം സീസണിലാണ് ധോണി ഐ.പി.എല്‍ കിരീടം നേടിയത്.

സമാനമാണ് രോഹിത് ശര്‍മയുടെയും അവസ്ഥ. ആദ്യ ശ്രമത്തില്‍ തന്നെ ലോകകപ്പ് കിരീടം സ്വന്തമാക്കിയെങ്കിലും രണ്ടാം സീസണില്‍ ഡെക്കാന്‍ ചാര്‍ഡേഴ്‌സിനൊപ്പമാണ് താരത്തിന് ഐ.പി.എല്‍ കിരീടം നേടാന്‍ സാധിച്ചത്.

എന്നാല്‍ തന്റെ ആദ്യ സീസണില്‍ തന്നെ അക്‌സര്‍ പട്ടേല്‍ ഐ.പി.എല്‍ കിരീടം നേടിയിരുന്നു, 2013ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം. എന്നാല്‍ രണ്ടാം ശ്രമത്തിലാണ് ലോകകപ്പ് നേടാന്‍ അക്‌സറിനായത്. 2008ല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഐ.പി.എല്‍ കിരീടവും 2009ല്‍ പാകിസ്ഥാനൊപ്പം ലോകകപ്പും നേടിയ കമ്രാന്‍ അക്മലിന്റെ അവസ്ഥയും ഇതുതന്നെ.

എന്നാല്‍ തങ്ങളുടെ ആദ്യ ടൂര്‍ണമെന്റില്‍ തന്നെ ഈ രണ്ട് കിരീടവും നേടിയ മൂന്ന് താരങ്ങളെ പരിചയപ്പെടാം.

സഞ്ജു സാംസണ്‍

ഐ.പി.എല്‍ 2024ലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് സഞ്ജുവിന് തന്റെ ആദ്യ ലോകകപ്പിനുള്ള വിളിയെത്തുന്നത്. ഏറെ പ്രതീക്ഷയോടെ വിന്‍ഡീസിലേക്ക് പറന്നെങ്കിലും ടീമിന്റെ പ്ലെയിങ് ഇലവനില്‍ ഇടം നേടാന്‍ സഞ്ജുവിന് സാധിച്ചില്ല. എങ്കിലും സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി താരം കളത്തിലിറങ്ങിയിരുന്നു.

ഫൈനലില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയതോടെ സഞ്ജുവും ലോക ചാമ്പ്യനായി മാറുകയായിരുന്നു.

ഈ ലോകകപ്പ് നേടുന്നതിന് 12 വര്‍ഷം മുമ്പാണ് സഞ്ജു ഐ.പി.എല്ലില്‍ അരങ്ങേറുന്നതും കിരീടം നേടുന്നതും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം. അന്ന് യുവതാരമായിരുന്ന സഞ്ജുവിന് ഒരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ സാധിച്ചിരുന്നില്ല. പക്ഷേ സ്‌ക്വാഡിന്റെ ഭാഗമായ സഞ്ജു 2012ല്‍ കെ.കെ.ആറിനൊപ്പം ചാമ്പ്യനാവുകായായിരുന്നു.

ഈ രണ്ട് തവണയും സഞ്ജുവിന് ഒരിക്കല്‍പ്പോലും പ്ലെയിങ് ഇലവന്റെ ഭാഗമാകാന്‍ സാധിച്ചിരുന്നില്ല എന്നതാണ് രസകരമായ മറ്റൊരു വസ്തുത.

യൂസുഫ് പത്താന്‍

2007ല്‍ ഇന്ത്യ പാകിസ്ഥാനെ തകര്‍ത്ത് ചരിത്രത്തിലെ ആദ്യ ടി-20 ലോകകപ്പുയര്‍ത്തിയപ്പോള്‍ യൂസുഫ് പത്താനും ടീമിന്റെ ഭാഗമായിരുന്നു.

ഒരു വര്‍ഷത്തിന് ശേഷം ബി.സി.സി.ഐ ഐ.പി.എല്‍ ആരംഭിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് താരം കളത്തിലിറങ്ങിയത്. സീസണില്‍ രാജസ്ഥാനെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചതും.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഫൈനല്‍ മത്സരത്തില്‍ 56 റണ്‍സും മൂന്ന് വിക്കറ്റും സ്വന്തമാക്കിയ പത്താന്‍ ഫൈനലിന്റെ താരമായും മാറിയിരുന്നു.

സുനില്‍ നരെയ്ന്‍

ലോകകപ്പ് കിരീടവും ഐ.പി.എല്‍ കിരീടവും ഒരു വര്‍ഷം തന്നെ സ്വന്തമാക്കിയാണ് സുനില്‍ നരെയ്ന്‍ ഈ എലീറ്റ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നത്. 2012ല്‍ ഡാരന്‍ സമിയുടെ നേതൃത്വത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ലോകം കീഴടക്കിയപ്പോള്‍ അതിന് തുണയായവരില്‍ പ്രധാനിയായി സുനില്‍ നരെയ്‌നും ഒപ്പമുണ്ടായിരുന്നു.

ആ വര്‍ഷമാദ്യം നടന്ന ഐ.പി.എല്ലിലാണ് സുനില്‍ നരെയ്ന്‍ ആദ്യമായി ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നത്. സഞ്ജുവിനൊപ്പം തന്നെയാണ് നരെയ്‌നും കൊല്‍ക്കത്തയുടെ കിരീടനേട്ടത്തില്‍ പങ്കാളിയായത്.

അന്ന് സുനില്‍ നരെയ്‌നെ ടീമിലെത്തിക്കാന്‍ എന്ത് വിലയും കൊടുക്കുമെന്നുറപ്പിച്ച കെ.കെ.ആറിന് വേണ്ടി മികച്ച പ്രകടനം നടത്താനും നരെയ്‌നായി. ടൂര്‍ണമെന്റില്‍ 24 വിക്കറ്റ് വീഴ്ത്തിയാണ് താരം തിളങ്ങിയത്.

Content Highlight: 3 Players who won both T20 World Cup and IPL trophy on 1st attempt

Also Read: ബ്രസീലിന് കനത്ത തിരിച്ചടി, കാനറികളുടെ ഗോളടിവീരൻ പുറത്ത്; ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കില്ല

Also Read : ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ; ഇതിഹാസങ്ങളുടെ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു

Also Read: ഇപ്പോള്‍ ഹര്‍ദിക്കിനെ കൂവാന്‍ ധൈര്യമുള്ള ആരങ്കൈിലും ഉണ്ടോ, വെല്ലുവിളിക്കുകയാണ്; തുറന്നടിച്ച് സൂപ്പര്‍ താരം

We use cookies to give you the best possible experience. Learn more